മലപ്പുറം: ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കുകയെന്നത് ജനാധിപത്യ സംവിധാനത്തിൽ ഒരിക്കലും സ്വീകരിക്കാൻ പറ്റാത്ത നടപടിയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. രാജ്യത്ത് എല്ലായിടങ്ങളിലും നിലനില്‍ക്കുന്ന ഒരു നിയമം കേരളത്തിൽ മാത്രം വെട്ടിച്ചുരുക്കുക എന്ന് പറയുന്നത് നിയമപരമായി നിലനിൽക്കില്ല.
ഇതുവരെ മാറിമാറി വന്ന സര്‍ക്കാരുകള്‍ ചിന്തിക്കാത്ത ഒരു കാര്യമാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ ചിന്തിക്കുന്നത്. ഇതിനെതിരെ പ്രതിപക്ഷം വലിയ രീതില്‍ പ്രതിഷേധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു സംസ്ഥാനത്ത് ലോകായുക്തയെ അഡ്വൈസറിയായി ചുരുക്കുന്നത് നിയമപരമായി നിൽക്കില്ല. ഇതിൽ കോടതി ഇടപെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകായുക്ത അധികാരത്തിൽ വന്നതും അതിന്‍റെ പരിധികൾ നിശ്ചയിച്ചതും ഏറെ ചർച്ചകൾക്ക് ശേഷമാണ്. അങ്ങനെയുള്ള ഒരു കാര്യം നിയമ നിർമാണം നടത്തുകയെന്ന് പറയുമ്പോൾ ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്ത നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തണമെന്നാണ് ഞങ്ങളുടെ തീരുമാനം.
നിയമം ഭേദഗതി അനുവദിച്ചു കൊടുക്കുന്നത് ആശാസ്യമല്ല. നിയമ സാധ്യത, കാലിക പ്രസക്തി, ഔചിത്യം എന്നിവ പരിശോധിച്ച ശേഷം ഗവര്‍ണര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ പൊതുവായ അഭിപ്രായം.
Also Read: ലോകായുക്തയ്ക്ക് നിർദേശം നൽകാനുള്ള അധികാരം മാത്രം; ന്യായീകരിച്ച് മന്ത്രി പി.രാജീവ്