മലപ്പുറം: ജോസ് കെ. മാണി വിഭാഗം യുഡിഎഫ് വിട്ടുപോയത് മുന്നണിയെ ബാധിക്കില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. യുഡിഎഫിന് ഇപ്പോൾ നല്ല കാലമാണ്. അതുപോലെ ജനപിന്തുണയും ലഭിക്കുന്നുണ്ട്. സർക്കാരിന്‍റെ അഴിമതികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഒരു ഭരണ മാറ്റം ഉണ്ടാവുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേരള കോൺഗ്രസിലെ ഒരു വിഭാഗം പിരിഞ്ഞുപോയത് യുഡിഎഫ് നല്ല രീതിയില്‍ തന്നെ വിലയിരുത്തിയിട്ടുണ്ട്. ഒരിക്കൽ അവർ യുഡിഎഫ് വിട്ടു പോയി, പിന്നീട് മാണി സാറിന്‍റെ കാലത്ത് അവരെ തിരിച്ചുകൊണ്ടുവരാൻ യുഡിഎഫിന് കഴിഞ്ഞു.
ജോസ് കെ. മാണി വിഭാഗം ചേർന്നത് മുങ്ങാൻ നിൽക്കുന്ന കപ്പലിലാണെന്ന വിചാരം അവർക്ക് ഉണ്ടാകേണ്ടതാണ്. ജനാധിപത്യ ചേരിയിൽ നിൽക്കേണ്ടവർ അപ്പുറത്ത് പോയത് ജനങ്ങൾ അംഗീകരിക്കില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.