മലപ്പുറം: വിഭ്യാഭ്യാസ മുന്നേറ്റമുണ്ടെങ്കിലും സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളില്‍ പോരായ്‌മകള്‍ ഉണ്ടെന്ന് പി.കെ. ബഷീര്‍ എംഎല്‍എ. സംസ്ഥാനത്ത് വിദ്യാഭ്യാസ രംഗത്തില്‍ മുന്നേറ്റമുണ്ടെങ്കിലും പരിമിതമായ അടിസ്ഥാന സൗകര്യങ്ങളാണ് നിലവിലുള്ളത്. നിലമ്പൂര്‍ അമല്‍ കോളജില്‍ എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച ലൈബ്രറി പുസ്തകങ്ങളുടെ സമര്‍പ്പണം, കമ്പ്യൂട്ടര്‍ ലാബ്, സ്‌മാര്‍ട്ട് ക്ലാസ് മുറി എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.എച്ച് മുഹമ്മദ് കോയ തുടങ്ങിവച്ച ന്യൂനപക്ഷ പെണ്‍കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ ഇന്നത്തെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ക്ക് മുതല്‍കൂട്ടാണ്. എന്നാല്‍ വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിനനുസരിച്ചുള്ള സൗകര്യങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എല്ലായിടത്തും എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോളജ് രക്ഷാധികാരി പി.വി അബ്ദുല്‍ വഹാബ് എം.പി അധ്യക്ഷത വഹിച്ചു.