മലപ്പുറം: കൊവിഡ് വ്യാപനത്തിനിടെ ഓക്സിജൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ അടച്ചുപൂട്ടിയ ഓക്സിജൻ പ്ലാന്‍റ് വീണ്ടും തുറന്നു. മലപ്പുറം ജില്ലയിലെ മാറാക്കര പഞ്ചായത്തിലെ പെരുങ്കുളത്ത് 2013ൽ അടച്ചുപൂട്ടിയ പ്ലാന്‍റാണ് അധികൃതരുടെ നിര്‍ദേശത്തെ തുടർന്ന് കഴിഞ്ഞ ദിവസം വീണ്ടും പ്രവർത്തനം ആരംഭിച്ചത്. പ്ലാന്‍റ് ആരംഭിച്ച് മൂന്ന് മാസം പ്രവർത്തിച്ച ശേഷം നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് അടച്ചുപൂട്ടുകയായിരുന്നു.
കൊവിഡ് വ്യാപനത്തെ തുടർന്ന് ഓക്സിജന്‍റെ ആവശ്യം വർധിച്ച സാഹചര്യത്തിൽ ജില്ല വ്യവസായ കേന്ദ്രത്തിന്‍റെയും ജില്ല ദുരന്തനിവാരണ സേനയുടെയും നിർദേശത്തെ തുടർന്ന് കഴിഞ്ഞ ദിവസം പ്ലാന്‍റ് വീണ്ടും തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചു. ജില്ല വ്യവസായ കേന്ദ്രം അതിനാവശ്യമായ സഹായം ലഭ്യമാക്കി. കുറേക്കാലം അടച്ചിട്ടതുകൊണ്ട് നിലവിൽ ടൈം ട്രയൽ റൺ നടന്നുകൊണ്ടിരിക്കുകയാണ്. വൈദ്യുതി ലഭിക്കാത്തതിനാൽ ജനറേറ്ററിലാണ് ഇപ്പോൾ പ്രവർത്തനം. എയർ സെപ്പറേഷൻ യൂണിറ്റ് വഴി അന്തരീക്ഷ വായുവിൽ നിന്ന് ഓക്സിജൻ വേർതിരിച്ചെടുത്ത് ആദ്യം ദ്രവ രൂപത്തിലാക്കുകയും പിന്നീട് വാതകരൂപത്തിലാക്കി സിലിണ്ടറുകളിൽ നിറയ്ക്കുകയുമാണ് ചെയ്യുന്നത്. നിലവിൽ നാല് ജീവനക്കാരാണുള്ളത്. പ്ലാന്‍റ് പൂർണതോതിൽ പ്രവർത്തനക്ഷമമായാൽ ഒരു മണിക്കൂറിൽ 100 ക്യുബിക് മീറ്റർ ഓക്സിജൻ ലഭ്യമാക്കാൻ കഴിയും.
അതേസമയം സംസ്ഥാനത്തും മലപ്പുറം ജില്ലയിലും കൊവിഡ് സ്ഥിതി ആശങ്കാജനകമായി തുടരുമ്പോൾ ആവശ്യമുള്ള ഓക്സിജൻ ജില്ലയിൽ തന്നെ നിർമിച്ചെടുക്കാൻ കഴിയുമെന്ന ആശ്വാസത്തിലാണ് ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും. കൊവിഡ് സാഹചര്യത്തിൽ രാജ്യത്തെ ഓക്സിജൻ ക്ഷാമം മറികടക്കാൻ എന്തെകിലും തരത്തിലുള്ള സഹായം ചെയ്യാൻ പറ്റിയതിൽ സന്തോഷമുണ്ടെന്നും സർക്കാർ നിർദേശിക്കുന്ന സ്ഥലങ്ങളിലേക്ക് മാത്രമാണ് ഓക്സിജൻ സിലിണ്ടർ വിതരണം ചെയ്യുകയെന്നും മാനേജ്മെന്‍റ് വ്യക്തമാക്കി.