മലപ്പുറം: മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ നിരീക്ഷണത്തിലുള്ളത് ഇനി രണ്ടുപേര്‍ മാത്രം. രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രണ്ടുപേരെ ആശുപത്രിയിലെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. 252 പേരാണ് ജില്ലയിലിപ്പോള്‍ പ്രത്യേക നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സകീന അറിയിച്ചു. ഇതില്‍ രണ്ടുപേര്‍ ഐസൊലേഷന്‍ വാര്‍ഡിലും 250 പേര്‍ വീടുകളിലുമാണ്.
വൈറസ്ബാധിത രാജ്യങ്ങളില്‍ നിന്നെത്തിയവരും അവരുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുമായ 10 പേര്‍ക്ക് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. 49 സാമ്പിളുകളാണ് ഇതുവരെ വിദഗ്ധ പരിശോധനക്കായി ജില്ലയില്‍ നിന്ന് അയച്ചത്. രണ്ടുഘട്ട പരിശോധനകള്‍ക്ക് ശേഷം 46 പേരുടെ ഫലങ്ങള്‍ ലഭ്യമായി. ഇവര്‍ക്കാര്‍ക്കും രോഗബാധിയില്ലെന്ന് ജില്ലാതല കണ്‍ട്രോള്‍ സെല്‍ വ്യക്തമാക്കി.
ജില്ലയിലെ മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ കൊറോണ പ്രതിരോധ മുഖ്യ സമിതി വിലയിരുത്തി. പൊതുജനങ്ങള്‍ ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. രോഗബാധിത രാജ്യങ്ങളില്‍ നിന്നെത്തുന്നവരുമായി ജില്ലാ കണ്‍ട്രോള്‍ സെല്‍ നിരന്തരം ബന്ധപ്പെട്ടു വരികയാണ്. നിരീക്ഷണത്തിലുള്ളവര്‍ക്ക് മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിനുള്ള കൗണ്‍സലിങ് തുടരുകയാണ്. വിവിധ വകുപ്പു ജീവനക്കാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുള്ള പരിശീലനവും ഊര്‍ജ്ജിതമായി തുടരുന്നു.