മലപ്പുറം: കൃഷി വകുപ്പിന്‍റെ ഓണം സമൃദ്ധി 2020-ന്‍റെ ഭാഗമായുള്ള പദ്ധതിയുടെ ഭാഗമായി വീടുകളില്‍ പച്ചക്കറിയെത്തിച്ച് ചാലിയാല്‍ കൃഷിഭവന്‍. കേര സമിതി, പാടശേഖര സമിതി, കൃഷി വകുപ്പ് എന്നിവർ സംയുക്തമായാണ് തിരുവോണ ആഘോഷങ്ങൾക്കുള്ള പച്ചക്കറികൾ എത്തിക്കുന്നത്. 300 രൂപ വിലവരുന്ന 20 ഇനങ്ങൾ അടങ്ങിയ കിറ്റു കളാണ് 200 രൂപക്ക് വീടുകളിൽ എത്തിച്ച് നൽക്കുന്നതെന്ന് ചാലിയാർ കൃഷി ഓഫീസർ എം.ഉമ്മർകോയ പറഞ്ഞു. കറിവേപ്പില, കുമ്പളം, മത്തൻ, തോരൻ മുളക്, വെള്ളരി, പാവയ്ക്ക, ചെറു ചേമ്പ്, സവാള, ചെറിയ ഉള്ളി, വെളുത്തുള്ളി, കിഴങ്ങ്, തക്കാളി, ചേന, നേന്ത്രക്കായ, വെണ്ട, വഴുതന, മുരിങ്ങകായ, ബീറ്റ്റൂട്ട്, ക്യാരറ്റ് ഉൾപ്പെടെ 10 കിലോയോളം വരുന്ന കിറ്റുകളാണ് വീടുകളിലേക്ക് എത്തിക്കുക.
മാർക്കറ്റ് വിലയേക്കാൾ 10 ശതമാനം വില കൂട്ടി കർഷകരിൽ നിന്നും വാങ്ങിയാണ് വില്‍പ്പന. എന്നാല്‍ പൊതുവിപണിയേക്കാൾ 30 ശതമാനം വില കുറവിലാണ് വീടുകളിൽ എത്തിക്കുന്നത്. കർഷകരുടെ പക്കൽ ആവശ്യത്തിന് പച്ചക്കറികൾ ഇല്ലാത്തതിനാൽ ഹോർട്ടികോർപ്പിൽ നിന്നും സാധനങ്ങൾ വാങ്ങിയിട്ടുണ്ടെന്നും കൃഷി ഓഫീസർ പറഞ്ഞു. കേരസമിതി പാടശേഖര സമിതി അംഗങ്ങളായ, വിശ്വനാഥൻ തോട്ടു പൊയിൽ, ജോസഫ് ആൻറണി, കാപ്പാടൻ റസാഖ്, നാലകത്ത് സിദ്ദിഖ്, തിത്തുണ്ണി കോരം കോട്, എം.ആർ സുബ്രഹമണ്യൻ, ജനാർദ്ദനൻ, തുടങ്ങി നിരവധി പേരുടെ നേതൃത്വത്തിലാണ് കിറ്റുകൾ ഒരുക്കുന്നത്.