മലപ്പുറം: മതിയായ മാലിന്യസംസ്‌കരണ സംവിധാനങ്ങൾ ഇല്ലാത്തതിനാല്‍ ക്വാര്‍ട്ടേഴ്‌സ് കെട്ടിടത്തിന് പിഴ. അകം പാടത്തെ സ്വകാര്യവ്യക്തിയുടെ കെകെജി എന്ന ക്വാര്‍ട്ടേഴ്‌സിനാണ് 5000 രൂപയുടെ പിഴ ഈടാക്കിയത്. ചാലിയാർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്‌ടർ കെ.അരുൺകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇന്ന് നടത്തിയ പരിശോധനയില്‍ മാലിന്യങ്ങൾ കുമിഞ്ഞുകൂടി കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. തുടര്‍ന്നാണ് പിഴ ചുമത്തിയത്.
കെട്ടിടത്തില്‍ ഏകദേശം നൂറോളം ആളുകൾ താമസിക്കുന്നുണ്ട്. മാലിന്യം സംസ്‌കരിക്കാന്‍ മതിയായ സംവിധാനമില്ലാത്തതിനാല്‍ കെട്ടിട നിവാസികള്‍ നിരന്തരം പ്രതിഷേധിച്ചിരുന്നു. കെട്ടിട ഉടമയോട് പലതവണ ആവശ്യപ്പെട്ടിട്ടും മതിയായ നടപടി സ്വീകരിച്ചിരുന്നില്ല. പരിശോധനകൾ വരും ദിവസങ്ങളിലും തുടരും.