മലപ്പുറം: നിലമ്പൂരിന്‍റെ ചിരകാല സ്വപ്‌നമായിരുന്ന മിനി സിവില്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ മിനി സിവില്‍ സ്റ്റേഷന്‍ നാടിന് സമര്‍പ്പിച്ചു. പല പ്രദേശങ്ങളിലായി ഭിന്നിച്ചുകിടക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിച്ചത്. പൊതുഭരണവകുപ്പ് അനുവദിച്ച 15 കോടി 25 ലക്ഷം രൂപ ചെലവഴിച്ചാണ് 6,000 ചതുരശ്രയടിയില്‍ നാല് നിലകളിലായി കെട്ടിടം നിര്‍മിച്ചത്.
നിലമ്പൂര്‍ ഐടിഐക്ക് സമീപം ഒരേക്കറിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. താലൂക്ക് സപ്ലൈ ഓഫീസ്, ജോയിന്‍റ് ആര്‍ടി ഓഫീസ്,എംപ്ലോയ്‌മെന്‍റ് ഓഫീസ്, സബ് രജിസ്ട്രാര്‍ ഓഫീസ്, ഐടിഡിപി ഓഫീസ്, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, എക്‌സൈസ് റേഞ്ച് ഓഫീസ്, റീ സര്‍വേ ഓഫീസ്, ലീഗല്‍ മെട്രോളജി ഓഫീസ്, ലേബര്‍ ഓഫീസ്, ജിഎസ്ടി ഓഫീസ്, സെയില്‍സ് ടാക്‌സ് ഇന്‍റലിജന്‍സ് ഓഫീസ്, എഇഒ ഓഫീസ്, കിഫ്ബി യൂണിറ്റ് രണ്ട്, അഗ്രികള്‍ച്ചര്‍ ഡയറക്ടര്‍ ഓഫീസ് എന്നിവ ഉള്‍പ്പെടെ 15 ഓഫീസുകള്‍ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. ഉദ്ഘാടന ചടങ്ങില്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, പി.വി അബ്‌ദുല്‍വഹാബ് എംപി, നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം, വൈസ് ചെയര്‍പേഴ്‌സണ്‍ അരുമ ജയകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.