പാലക്കാട്: നിലമ്പൂർ-ഷൊർണൂർ റെയിൽപാത രാത്രി ഗതാഗതത്തിനു തുറന്നു കൊടുക്കാൻ ഉത്തരവ് ഇറങ്ങിയതോടെ ദീർഘദൂര യാത്രക്കാരുടെയടക്കം ഏറെ നാളായുള്ള പരാതികൾക്ക് പരിഹാരമാകുന്നു. പാതയിലെ രാത്രികാല ഗതാഗതത്തിന് കഴിഞ്ഞ ദിവസം അനുമതി നൽകിയ ദക്ഷിണ റെയിൽവേ തുടർ നടപടി സ്വീകരിക്കാൻ പാലക്കാട് ഡിവിഷന് നിർദേശം നൽകി. രണ്ടു മാസത്തിനുള്ളിൽ ഇത് വഴി രാത്രി റെയിൽ ഗതാഗതം നിലവിൽ വരുമെന്നാണ് അധികൃതർ നൽകുന്ന വിവരം. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസിന്‍റെ നേത്യത്വത്തിലുള്ള സംഘം കഴിഞ്ഞയാഴ്‌ച നിലമ്പൂർ - ഷൊർണൂർ പാത സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു.
ഇതിനു പിന്നാലെയാണു ഉത്തരവ്. നിലവിൽ കേരളത്തിലെ പാലക്കാട്, തിരുവനന്തപുരം റെയിൽവേ ഡിവിഷനുകളിൽ രാത്രി യാത്രയില്ലാത്ത ഏക സെക്ഷനാണ് നിലമ്പൂർ -ഷൊർണൂർ പാത. രാത്രി പത്തിനും രാവിലെ ആറിനും ഇടയിൽ ഈ പാതയിൽ സർവീസില്ല. ഇത് തിരുവനന്തപുരത്തേക്ക് അടക്കം യാത്ര ചെയ്യുന്നവർക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. നിലവിൽ രാത്രി 8.50ന് നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന കൊച്ചുവേളി രാജ്യറാണി എക്സ്‌പ്രസും രാത്രി 9.20ന് നിലമ്പൂരിൽ എത്തുന്ന ഷൊർണൂർ - നിലമ്പൂർ പാസഞ്ചറുമാണ് രാത്രി സമയത്ത് ഈ പാതയിലൂടെയുള്ള ട്രെയിനുകൾ. രാത്രികാല സർവീസ് ആരംഭിക്കുമ്പോൾ ആദ്യം ഗുണം ലഭിക്കുന്നതു കൊച്ചുവേളി- നിലമ്പൂർ രാജ്യറാണി എക്സ്‌പ്രസിലെ യാത്രക്കാർക്കാണ്. ദിവസവും പുലർച്ചെ 4.30ന് ഷൊർണൂരിൽ എത്തുന്ന ട്രെയിൻ നിലവിൽ രാവിലെ 7.50ന് ആണ് നിലമ്പൂരിലെത്തുക. രാവിലെ 6 വരെ പാത അടഞ്ഞു കിടക്കുന്നതാണ് കാരണം. രാജ്യറാണി മണിക്കൂറുകളോളം ഷൊർണൂരിൽ പിടിച്ചിടുകയാണ് പതിവ്. രാത്രി ഗതാഗതം തുടങ്ങുന്നതോടെ പുലർച്ചെ 5.30ന് തന്നെ രാജ്യറാണി നിലമ്പൂരിലെത്തുമെന്നത് യാത്രക്കാർക്ക് ആശ്വാസം നൽകുന്നു.