മലപ്പുറം: നിലമ്പൂർ രാധ വധക്കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ബിജു, രണ്ടാം പ്രതി ഷംസു എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. ജീവപര്യന്തം തടവിനെതിരെ പ്രതികൾ നൽകിയ അപ്പീൽ കോടതി അംഗീകരിക്കുകയായിരുന്നു. മഞ്ചേരി കോടതി പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. വിധിക്കെതിരെ പ്രതികൾ ഹൈക്കോടതിയിൽ നൽകിയ അപ്പീൽ പ്രോസിക്യൂഷന് കൊലപാതകമാണെന്ന് തെളിയിക്കാൻ കഴിയാത്തതിനെ തുടർന്നാണ് പ്രതികളെ വെറുതെ വിട്ടതെന്ന് വിധിയിൽ പറയുന്നു.
കേസിന്‍റെ നാൾവഴികൾ
- 2014 ഫെബ്രുവരി 5 : കോണ്‍ഗ്രസ് ഓഫീസില്‍ തൂപ്പു ജോലിക്കു വന്ന ചിറക്കല്‍ രാധയെ കാണാതാവുന്നു. സഹോദരന്‍ ഭാസ്‌കരനും, ബന്ധുക്കളും പൊലീസില്‍ പരാതി നൽകി.
- 2014 ഫെബ്രുവരി 9: കുളത്തില്‍ അജ്ഞാത മൃതശരീരം കണ്ടെത്തി.
- 2014 ഫെബ്രുവരി 10: നിലമ്പൂര്‍ സിഐ എ പി ചന്ദ്രന്‍റെ നേതൃത്വത്തില്‍ മൃതദേഹം പുറത്തെടുത്തു. മൃതശരീരം രാധയുടെതാണെന്ന് തിരിച്ചറിയുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിൽ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിൽ കൊലപാതകമെന്ന് തെളിയുന്നു.
- 2014 ഫെബ്രുവരി 10: ലോക്കല്‍ പൊലീസ് അന്വേഷണം മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവും ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറിയുമായ ബി.കെ. ബിജു നായരെയും, സുഹൃത്ത് കുന്നശ്ശേരി ഷംസുദ്ദീനെയും സി.ഐ ചന്ദ്രന്‍ അറസ്റ്റ് ചെയ്യുന്നു. ബിജുവും ഷംസുദ്ദീനും ചേര്‍ന്ന് രാധയെ കോണ്‍ഗ്രസ് ഓഫീസില്‍ വെച്ച് കൊലപ്പെടുത്തിയെന്നും ഷംസുദ്ദീന്‍റെ ഓട്ടോ ഗുഡ്‌സില്‍ മൃതദേഹം കുളത്തിലേക്ക് കൊണ്ടുപോയെന്നും പൊലീസ്.
- 2014 ഫെബ്രുവരി 10: എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡി നിലമ്പൂരില്‍
- 2014 ഫെബ്രുവരി 14: ഫോറന്‍സിക് സംഘം തെളിവെടുപ്പ് നടത്തി
- 2014 ഫെബ്രുവരി 15: പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപണം. നിലമ്പൂര്‍ എസ്.ഐ സുനില്‍ പുളിക്കലും, സി.ഐ ചന്ദ്രനും സ്ഥലം മാറ്റം.
- 2014 ഫെബ്രുവരി 16: ഐ.ജി എസ് ഗോപിനാഥിന്‍റെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘം ഡമ്മി പരീക്ഷണം നടത്തുന്നു.
- 2014 ഫെബ്രുവരി 18: അന്വേഷണ ഉദ്യോഗസ്ഥനായ പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി കെ.പി വിജയകുമാര്‍ നിലമ്പൂര്‍ ജൂഡീഷ്യല്‍ ഫസ്റ്റ് ക്സാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കി.
- ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവത്തിലെ കേസന്വേഷണത്തില്‍ പൊലീസിനെതിരെ പരക്കെ ആക്ഷേപം ഉയര്‍ന്നു. ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവരെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്നും ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. സിപിഎമ്മും പൊലീസിനും കോണ്‍ഗ്രസിനുമെതിരെ ആഞ്ഞടിച്ചു. രാധയുടെ കേസ് നടത്തുന്നതിനും, കുടുംബത്തെ സഹായിക്കുന്നതിനും സിപിഎം മുന്നിട്ടിറങ്ങി. സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. പാര്‍ലമെന്‍റ് മണ്ഡലം തെരഞ്ഞെടുപ്പിന് രാധാവധം സിപിഎം കോണ്‍ഗ്രസിനെതിരെയുള്ള തെരഞ്ഞെടുപ്പ് പ്രചരണായുധമാക്കി.
2014 ഫെബ്രുവരി 23: ഐ.ജിയുടെ സംഘത്തിനെതിരെയും വ്യാപക പരാതി, അന്വേഷണം എ.ഡി.ജി.പി സന്ധ്യയെ ഏല്‍പ്പിച്ചു. എ. ഡി. ജി. പി. ഡോ. ബി. സന്ധ്യക്ക് പുറമേ കോഴിക്കോട് ട്രാഫിക്ക് എസ്. പി. അക്ബര്‍, കേരള ആംഡ് പൊലീസ് കണ്ണൂര്‍ കമാന്‍ഡറ്റ് ശ്രീനിവാസ്, ക്രൈം റിക്കാര്‍ഡ് ബ്യൂറോ തൃശൂര്‍ ഡി.വൈ. എസ്. പി. ശശിധരന്‍, മലപ്പുറം ക്രൈം ബ്രാഞ്ച് ഡി. വൈ. എസ്. പി. പി. മോഹനചന്ദ്രന്‍, വളാഞ്ചേരി സി. ഐ. ബഷീര്‍ എന്നിവര്‍ അന്വേഷണ സംഘത്തില്‍ - 2014 മാര്‍ച്ച് 3: എ.ഡി.ജി.പി സന്ധ്യ രാധയുടെ വീട്ടിലെത്തുന്നു.
- 2014 മാര്‍ച്ച് 3: കോഴിക്കോട് മെഡിക്കല്‍ കോളജ് ഫോറന്‍സിക് മേധാവി ഷേര്‍ളി വാസു തൃശൂര്‍ പൊലീസ് അക്കാദമിയിലെ ഫോറന്‍സിക് വിദഗ്‌ധന്‍ കെ. ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫോറന്‍സിക് പരിശോധന ഫോറന്‍സിക് വിഭാഗം വീണ്ടും കോണ്‍ഗ്രസ് ഓഫീസ് പരിശോധിക്കുന്നു. ആര്യാടന്‍ ഷൗക്കത്തിന്‍റെയും ആര്യാടന്‍ ആസാദിന്‍റെയും ഓഫീസുകളില്‍ അന്വേഷണ സംഘം പരിശോധന നടത്തി.
- 2014 മാര്‍ച്ച് 4: രണ്ട് സ്ത്രീകളുള്‍പ്പടെ എട്ട് പേരില്‍ നിന്ന് മൊഴിയെടുത്തു.
- 2014 മാര്‍ച്ച് 6: മൃതദേഹം കണ്ടെത്തിയ ഉണ്ണിക്കുളം വറ്റിച്ചു. രാധയെ മുമ്പ് രണ്ടു തവണ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി
കണ്ടെത്തല്‍, സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ക്വട്ടേഷന്‍ സംഘത്തിലെ അഞ്ചുപേരെ അറസ്റ്റ് ചെയ്‌തു. വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധന നടത്തി. 600 ഓളം പേരെ ചോദ്യം ചെയ്തു. - 2014 മെയ് 5: എ.സി.പി ശശിധരന്‍റെ നേതൃത്വത്തിലുള്ള സംഘം കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതകം, ലൈംഗികാതിക്രമം, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന, കവര്‍ച്ച തുടങ്ങിയ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തി
- 2014 ഓഗസ്റ്റ് 25: കേസ് വിചാരണ ആരംഭിച്ചു.
- കോണ്‍ഗ്രസ് ഓഫീസില്‍ വച്ചുള്ള ബിജുവിന്‍റെ അവിശുദ്ധ ബന്ധങ്ങൾ നേതാക്കളെ അറിയിക്കുമെന്ന് രാധ പറഞ്ഞിരിന്നു. അങ്ങനെ സംഭവിച്ചാല്‍ തന്‍റെ രാഷ്ട്രീയ ഭാവി ഇല്ലാതാകുമെന്ന് ഭയന്നാണ് രാധയെ കൊലപ്പെടുത്താന്‍ ബിജുവിനെ പ്രേരിപ്പിച്ചതെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. കോണ്‍ഗ്രസ് ഓഫീസില്‍ വെച്ച് രാധയെ പ്രതികള്‍ മൃഗീയമായി കൊലപ്പെടുത്തിയതെന്ന് 2043 പേജുകളുള്ള കുറ്റപത്രത്തില്‍ പറയുന്നു. ഓഗസ്റ്റ് 29ന് മഞ്ചേരി ഒന്നാം അഡീഷന്‍ സെഷന്‍ കോടതി ജഡ്‌ജി പി.എസ് ശശികുമാര്‍ മുമ്പാകെ ആരംഭിച്ച വിചാരണ 39 ദിവസത്തിനൊടുവില്‍ നവംബര്‍ 29നാണ് അവസാനിച്ചത്. പ്രതികളുടെ ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസിന് വഴിത്തിരിവായത്.
- ഡിഎന്‍എ പരിശോധന ഫലവും കേസില്‍ തെളിവായി പ്രൊസിക്യൂഷന്‍ ഉപയോഗപ്പെടുത്തി. സംഭവത്തിന് മുമ്പ് വാഹനമിടിപ്പിച്ചും സയനേഡ് നല്‍കിയും രാധയെ കൊലപ്പെടുത്താന്‍ ബിജു പദ്ധതിയിട്ടിരുന്നു. ഇക്കാര്യങ്ങള്‍ തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ സഹിതമുള്ള തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. 172 സാക്ഷികളാണ് കേസിലുള്ളത്. 108 സാക്ഷികളെ വിസ്‌തരിച്ചു. ഇവരുടെ മൊഴികള്‍ കേസില്‍ നിര്‍ണായക തെളിവുകളായി കോടതി രേഖപ്പെടുത്തി.
- ഒന്നാം പ്രതിയും ബിജുവിന്‍റെ ഭാര്യ സഹോദരി ഷീബ, രണ്ടാം പ്രതി ഷംസുദീന്‍റെ ഭാര്യ ജസ്‌ല, ഭാര്യാ മാതാവ് സുബൈദ എന്നിവരുള്‍പ്പെടെ നാലു സാക്ഷികളാണ് വിചാരണവേളയില്‍ കൂറുമാറിയത്. 65 തൊണ്ടി മുതലുകളും, 264 രേഖകളും ഹാജരാക്കി. 2000ലേറെ പേജുകളിലായാണ് ജഡ്‌ജ് സ്വന്തം കൈപ്പടയില്‍ സാക്ഷി മൊഴികള്‍ രേഖപ്പെടുത്തിയത്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം തടയാനുള്ള പുതിയനിയമം നിലവില്‍ വന്നതിനുശേഷം മഞ്ചേരി കോടതി കൈകാര്യം ചെയ്യുന്ന ഇത്തരത്തിലെ പ്രധാന കേസാണിത്.
- സ്‌ക്രീനും പ്രൊജക്ടറും ഉള്‍പ്പെടെയുള്ള വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ സാക്ഷി വിസ്താരം നടത്തുന്ന ജില്ലയിലെ ആദ്യ കേസ് എന്ന പ്രത്യേകതയുമുണ്ട്. കൂടാതെ സൈബര്‍ ഫോറന്‍സിക് ഉപാധികള്‍ ആദ്യമായി കൊലക്കേസ് അന്വേഷണത്തിന് ആദ്യമായി ഉപയോഗിച്ചതും ഡി.എന്‍.എ പരിശോധന ഫലം കൊലക്കേസില്‍ ആദ്യമായി ഉപയോഗിച്ചതും രാധവധക്കേസ് തെളിയിക്കാനാണെന്നതും ഈ കേസിന്‍റെ പ്രത്യേകതയാണ്.മഞ്ചേരി കോടതി വിധി അസാധുവാക്കിയാണ് ഹൈക്കോടതി വിധി പറഞ്ഞത്.