മലപ്പുറം: മുട്ടിക്കടവ് ക്രോസ് വേയിൽ വെള്ളം കയറുന്നതിന് പരിഹാരമായി. ചുങ്കത്തറ പഞ്ചായത്തിലെ മുട്ടിക്കടവിൽ പുന്നപ്പുഴക്ക് കുറുകെ പുതിയ പാലം നിർമ്മിക്കാനൊരുങ്ങി അധികൃതർ. മഴക്കാലത്ത് പുഴയിൽ വെള്ളം ഉയരുന്നതോടെ മുട്ടിക്കടവ് ക്രോസ് വേക്ക് മുകളില്‍ വെള്ളം കയറും. ചുങ്കത്തറ പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയുമാണുള്ളത്. ചുങ്കത്തറ പഞ്ചായത്തിലുള്ള പനമണ്ണ, പള്ളിക്കുത്ത്, കൊന്നമണ്ണ തുടങ്ങിയ പുഴക്ക് അക്കരെയുള്ള പ്രദേശങ്ങൾ ഇതോടെ ഒറ്റപ്പെടും.
കൂട്ടപാടി പാലം പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമായെങ്കിലും മുട്ടിക്കടവ് ക്രോസ് വേയാണ് ഭൂരിഭാഗം പേരും യാത്രക്കായി ഉപയോഗിക്കുന്നത്. മുട്ടിക്കടവ് ക്രോസ് വേക്ക് വീതി കുറവാണ്. കൂടാതെ, താഴ്ന്ന് കിടക്കുന്നതിനാൽ വെള്ളം കയറുമ്പോൾ മരങ്ങളും മറ്റും വന്നിടിച്ച് സംരക്ഷണഭിത്തി തകരുന്നതും പതിവാകുകയാണ്. അതിനാൽ തന്നെ, വലിയപാലം ഉയരത്തിൽ നിർമ്മിക്കണമെന്ന നാട്ടുകാരുടെ വർഷങ്ങൾ നീണ്ട ആവശ്യത്തെത്തുടർന്നാണ് പുതിയ പാലത്തിന് വേണ്ടി അധികൃതർ തീരുമാനമെടുത്തത്. പ്രളയത്തിന്‍റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നിലവിലുള്ളതിനേക്കാൾ നാലര മീറ്ററോളം ഉയരത്തിലും 11 മീറ്റർ വീതിയിലും ആണ് പാലം നിർമിക്കുന്നത്. ഇതിൽ ഏഴര മീറ്റർ വാഹനങ്ങൾക്ക് കടന്ന് പോകുന്നതിനും ഒന്നര മീറ്റർ വീതം ഫുട്‌പാത്തും ആയിരിക്കും. മണ്ണ് പരിശോധനയും മറ്റും നേരത്തെ പൂർത്തിയാക്കി ബാക്കി നടപടിക്രമങ്ങൾ തുടരുകയാണ്.
നേരത്തെ ഉള്ള പ്ലാൻ പ്രകാരം പാലം നിർമ്മിച്ചാൽ കൂടുതൽ പേർക്ക് സ്ഥലവും കെട്ടിടവും നഷ്‌ടപ്പെടാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പുതിയ പ്ലാൻ തയ്യാറാക്കിയാണ് നടപടിക്രമങ്ങൾ തുടരുന്നത്. ഇതിനായി പൊതുമരാമത്ത് പാലം വിഭാഗം അധികൃതർ സ്ഥലം സന്ദർശിക്കുകയും പ്രദേശവാസികളുമായും ഇവിടെ സ്ഥലവും കെട്ടിടവും ഉളള ഉടമസ്ഥരുമായി ചർച്ച നടത്തുകയും ചെയ്‌തു. എക്സിക്യൂട്ടീവ് എഞ്ചിനീയർ റമീസിന്‍റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. പി.വി. അൻവർ എംഎൽഎയും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.