മലപ്പുറം: നീറാട് പഞ്ചായത്തില്‍ പൂര്‍ണ പ്ലാസ്റ്റിക് നിരോധനത്തിന് തുടക്കമായി. നമുക്ക് കൈകോര്‍ക്കാം എന്ന പദ്ധതിയുടെ ഭാഗമായി നീറാട് സൗഹൃദ കൂട്ടായ്‌മ കടയിലും വീടുകളിലും തുണി സഞ്ചികൾ വിതരണം ചെയ്തു. നാട്ടുകാരുടെ പൂര്‍ണപിന്തുണയോടെയായിരുന്നു സൗഹൃദ കൂട്ടായ്‌മയുടെ പ്രവര്‍ത്തനം.
നീറാട് ഗ്രാമം സമ്പൂർണ പ്ലാസ്റ്റിക് മുക്തമായതായി മലപ്പുറം ജില്ലാ കലക്ടർ ജാഫർ മാലിക് പ്രഖ്യാപിച്ചു. ജനങ്ങൾ തന്നെ പ്ലാസ്റ്റിക് ഉപയോഗം നിര്‍ത്താന്‍ മുന്നിട്ടിറങ്ങണം. മനുഷ്യന് മാത്രമല്ല മറ്റ് ജീവികൾക്കും പ്ലാസ്റ്റിക് ദോഷകരമാണെന്നും കലക്ടർ പറഞ്ഞു. എസ്.പി യു. അബ്ദുൽ കരീം മുഖ്യാതിഥിയായി. തന്‍റെ ഗ്രാമവും സമ്പൂർണ പ്ലാസ്റ്റിക് മുക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊണ്ടോട്ടി മുനിസിപ്പൽ ചെയർപേഴ്സൺ കെ.സി ഷീബ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിഷയം അവതരിപ്പിച്ച് കൊണ്ട് സീനിയർ മെഡിക്കൽ ഓഫീസർ ഡോ. എൻ.രാജേഷ് സംസാരിച്ചു. റിസ്‌വാൻ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.