മലപ്പുറം: വയനാട് മുട്ടില്‍ വില്ലേജിലെ വിവാദമായ വനംകൊള്ള അന്വേഷണത്തിന്‍റെ ഭാഗമായി നിലമ്പൂര്‍ വനം ഓഫീസുകളില്‍ പരിശോധന നടത്തി പ്രത്യേക അന്വേഷണസംഘം. കഴിഞ്ഞ ദിവസം റവന്യു വകുപ്പ് പതിച്ച് നല്‍കിയ എടവണ്ണ വനം റെയ്ഞ്ചിലെ കൊടുമ്പുഴ വനം സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് 13 കുറ്റി തേക്ക് മരങ്ങള്‍ വെട്ടിയത് പിടിച്ചെടുത്തിരുന്നു.
തേക്ക്, വീട്ടി, ചന്ദനം ഉള്‍പ്പെടെയുള്ള നാലിനം മരങ്ങള്‍ കര്‍ഷകര്‍ വെച്ചുപിടിപ്പിച്ചതാണെങ്കിലും മുറിക്കാന്‍ പാടില്ലെന്ന് വനം വകുപ്പ് ഭൂമി കൈമാറുമ്പോള്‍ വ്യവസ്ഥ ചെയ്തിരുന്നു. ഇത് റവന്യു വകുപ്പ് റിസര്‍വില്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിന്‍റേതാക്കി മാറ്റാറാണ് പതിവ്. ഇത് ലംഘിച്ച് മരം മുറിച്ച് കൊണ്ടുപോയതിനാണ് വനം വകുപ്പ് കേസെടുത്തിരിക്കുന്നത്.
അന്വേഷണം അഞ്ച് ടീമുകളാക്കി തിരിച്ച്
നിലമ്പൂര്‍ മേഖലയില്‍ വനം വകുപ്പ് പതിച്ചു നല്‍കിയ ഭൂമി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നിലമ്പൂര്‍ തഹസില്‍ദാറില്‍ നിന്ന് ശേഖരിക്കുന്നുണ്ട്. ഇതിനായി തഹസില്‍ദാര്‍മാര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇത്തരം ഭൂമിയുണ്ടെങ്കില്‍ അവയുടെ സര്‍വേ നമ്പറുകള്‍ ലഭ്യമാകുന്ന മുറക്ക് കൂടുതല്‍ പരിശോധനകള്‍ നടത്തും.
ഇതുമായി ബന്ധപ്പെട്ട് ജില്ലയില്‍ വിശദമായ പരിശോധനകള്‍ക്കാണ് വനം വകുപ്പ് തയ്യാറായിട്ടുള്ളത്. വനം ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ പരിശോധന നടത്തുന്നത്. മില്ലുകളോ മറ്റു കേന്ദ്രങ്ങളോ കേന്ദ്രീകരിച്ച് വിവരങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളും അന്വേഷണ സംഘം നടത്തുന്നുണ്ട്.
ജില്ലയുടേതുള്‍പ്പെടെ അന്വേഷണ ചുമതലയുള്ള ഡി.എഫ്.ഒ. രാജു കെ. ഫ്രാന്‍സിസ്, കാസര്‍ഗോഡ് മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ വിജിലന്‍സ് കണ്‍സര്‍വേറ്ററെ സഹായിക്കുന്ന കോഴിക്കോട് വിജിലന്‍സ് ഡി.എഫ്.ഒ. ധനേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിലമ്പൂരില്‍ പരിശോധന നടക്കുന്നത്. സംസ്ഥാനം മൊത്തം അഞ്ചു ടീമുകളാക്കി തിരിച്ചാണ് അന്വേഷണം നടത്തുന്നത്.
ALSO READ: കണ്ടെയ്ൻമെന്‍റ് സോണില്‍ ഫുട്‌ബോള്‍ കളിച്ചവർക്ക് എട്ടിന്‍റെ പണി ;ദൃശ്യങ്ങള്‍ വൈറല്‍