മലപ്പുറം: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ദേശരക്ഷ മതില്‍ തീര്‍ത്ത് മുസ്‌ലിം ലീഗ്. സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ദേശീയ രക്ഷാമാർച്ചിന്‍റെ ഭാഗമായാണ് മലപ്പുറം ജില്ലാ കമ്മിറ്റി മനുഷ്യമതിൽ തീർത്തത്. പെരിന്തൽമണ്ണ അങ്ങാടിപ്പുറം മുതൽ തിരൂരങ്ങാടി മമ്പുറം വരെ 42 കിലോമീറ്റർ നീളത്തിൽ ഒരു ലക്ഷത്തിലധികം പേർ മനുഷ്യമതിലിൽ പങ്കെടുത്തു.
മുസ്‌ലിം ലീഗ് ദേശീയ-സംസ്ഥാന നേതാക്കളും ജനപ്രതിനിധികളും പ്രതിഷേധത്തില്‍ അണിനിരന്നു. ഭരണഘടന സംരക്ഷണ പ്രതിജ്ഞയോടെ ആരംഭിച്ച പരിപാടി ദേശീയഗാനത്തോടെയാണ് സമാപിച്ചത്. ജില്ലയിൽ 12 ഇടങ്ങളിലായി സമ്മേളനങ്ങൾ നടന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരം വിജയിച്ചതായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. നാളെ ഡൽഹിയിൽ ചേരുന്ന കോൺഗ്രസ് യോഗത്തിൽ തുടർ സമരങ്ങൾ ചർച്ച ചെയ്യുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.