മലപ്പുറം:യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ ആറ് മാസത്തിന് ശേഷം പാണ്ടിക്കാട് പൊലീസ് അറസ്‌റ്റ് ചെയ്തു. ആമക്കാട് സ്വദേശി പാലപ്ര സിയാദിനെയാണ് അറസ്‌റ്റ് ചെയ്തത്.
2020 സെപ്‌റ്റംബർ 18നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ആമക്കാട് വച്ചുണ്ടായ സംഘർഷത്തിനിടെ സിയാദ്, കിഴക്കുപറമ്പൻ ഹഖ് എന്ന യുവാവിനെ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. കുത്തേറ്റ ഹഖിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒളിവിൽ പോയ പ്രതി ആറു മാസത്തിന് ശേഷമാണ് പോലീസ് പിടിയിലാകുന്നത്. തുടർന്ന് പ്രതിയുമായി സംഭവ സ്ഥലത്ത് പൊലീസ് തെളിവെടുപ്പ് നടത്തി. കുത്താൻ ഉപയോഗിച്ച കത്തിയും ഇവിടെ നിന്നും കണ്ടെടുത്തു. സ്വർണ പണയ വായ്പയുമായി ബന്ധപ്പെട്ട് പാണ്ടിക്കാട്ടെ ഫാത്തിമ ജ്വല്ലറിയിൽ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസിലും സിയാദ് പ്രതിയാണ്. ഈ കേസിലെ മറ്റു രണ്ടു പേർക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. ഇതിന് പുറമെ മണൽ കടത്ത് ഉൾപ്പെടെ എട്ടു കേസിലും സിയാദ് പ്രതിയാണന്ന് പൊലീസ് പറഞ്ഞു.
പ്രതിയെ ചൊവ്വാഴ്‌ച പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കും. സ്‌റ്റേഷൻ ഹൗസ് ഓഫീസർ അമൃതരംഗൻ, എസ്.ഐമാരായ എ.അബ്ദുൽ സലാം, അബ്ദുൽ റഷീദ്, സി.പി.ഒ മാരായ ഹാരിസ് മഞ്ചേരി, സി.എച്ച്.ഹൈദർ അലി എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.