മലപ്പുറം: പാണക്കാട് കുടുംബത്തില്‍ നിന്ന് അപ്രതീക്ഷിതമായി ഉണ്ടായ വിമർശനം മുസ്ലീം ലീഗില്‍ സൃഷ്ടിച്ചത് കടുത്ത പ്രതിസന്ധി. മുസ്ലിം ലീഗ് നേതൃത്വം സമീപകാലത്ത് നേരിട്ടതില്‍ ഏറ്റവും ഗുരുതരമായ ആരോപണമാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈനലി പാര്‍ട്ടി സംസ്ഥാന ആസ്ഥാനത്തു വച്ച് തൊടുത്തുവിട്ടത്.
കെടി ജലീല്‍ നിയമസഭയിലടക്കം ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലായിരുന്നു മുഈനലിയുടെ വാക്കുകള്‍. പരസ്യ വിമര്‍ശനം ഉന്നയിച്ച മുഈന്‍ അലിക്കെതിരെ എന്ത് നടപടി സ്വീകരിക്കുമെന്നതിനെ കുറിച്ച് നേതൃത്വം വ്യക്തമാക്കിയിട്ടില്ല. ചന്ദ്രിക വിഷയം വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്ത സമ്മേളനത്തിലേക്ക് മുഈനലി യാദൃശ്ചികമായാണ് കടന്നുവന്നതെന്നും, പറഞ്ഞത് പാര്‍ട്ടി നിലപാടല്ലെന്നും നേതൃത്വം വിശദീകരിക്കുന്നുണ്ടെങ്കിലും പ്രതിസന്ധി അയയുന്നില്ല.
പരസ്യ പ്രസ്താവന പാടില്ലെന്നതില്‍ കണിശതയുളള ലീഗ് നേതൃത്വം, ഹൈദരലി തങ്ങളുടെ മകനെതിരെ എന്ത് നടപടി എടുക്കുമെന്നതാണ് ചോദ്യം. അഴിമതി തുറന്ന് പറഞ്ഞതിന്‍റെ പേരില്‍ നടപടിയെടുത്താല്‍ രാഷ്ട്രീയ എതിരാളികള്‍ അത് ആയുധമാക്കുകയും ചെയ്യും. ചുരുക്കത്തില്‍ ചന്ദ്രിക വിഷയത്തിലും എആര്‍ ബാങ്ക് ക്രമക്കേടിലും കടുത്ത പ്രതിസന്ധിയിലായിരുന്ന ലീഗിനെ കൂടുതല്‍ കുരുക്കിലാക്കുന്നതായി മുഈനലിയുടെ വാക്കുകള്‍.