കൊല്ലം: വർണാഭമായ പരിപാടികളോടെ കൊല്ലത്ത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കൊല്ലം ലാൽ ബഹദൂർ ശാസ്‌ത്രി സ്‌റ്റേഡിയത്തിൽ മന്ത്രി ജെ. ചിഞ്ചുറാണി പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷിക ദിനത്തിലെങ്കിലും സ്വതന്ത്ര്യ ഇന്ത്യ കണ്ട സ്വപ്‌നം സാക്ഷാത്‌കരിക്കുന്നതിനുള്ള ആത്മാർഥമായ പരിശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്ന് മന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു.
മതനിരപേക്ഷ ധാർമ്മിക മൂല്യങ്ങളും ജനാധിപത്യ തത്വസംഹിതകളും സംരക്ഷിക്കപ്പെടണം. ജനാധിപത്യത്തിന്‍റെ അന്തസും മൂല്യവും കാത്തുസൂക്ഷിക്കാൻ രാഷ്‌ട്രീയ പാർട്ടികൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കണം. സാമ്പത്തിക സൈനിക ശാസ്‌ത്ര ശക്തിയായി ഇന്ത്യ വളർന്ന് മുന്നേറുന്നതിനോടൊപ്പം ജനാധിപത്യം പ്രകാശമാനമായി നിലനിർത്തി തീരണമെന്നും മന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യത്തിന്‍റെ പ്ലാറ്റിനം ജൂബിലി ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന ആഘോഷമാക്കുവാൻ ആസാദി കാ അമൃത് മഹോത്സവം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ആഘോഷത്തോടൊപ്പം ദാരിദ്ര്യവും, തൊഴിലില്ലായ്‌മയും, നിരക്ഷരതയും, ഭക്ഷ്യക്ഷാമവും ഇല്ലാത്ത ഇന്ത്യ യാഥാർഥ്യമാകണം. അതിലേക്കുള്ള യാത്രയുടെ വേഗത വർധിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
അതാകണം ഈ സ്വാതന്ത്ര്യദിനത്തിൽ നമ്മുടെ പ്രതിജ്ഞയെന്നും മന്ത്രി ചിഞ്ചുറാണി പറഞ്ഞു. തുടർന്ന് പൊലീസ്, എക്‌സൈസ്, ഫയര്‍ ആന്‍റ് റസ്‌ക്യൂ, ഫോറസ്റ്റ്, എന്‍.സി.സി, സ്‌കൗട്ട്, ഗൈഡ്‌സ്, ജൂനിയര്‍ റെഡ് ക്രോസ്, സ്‌റ്റുഡന്‍റ് പൊലീസ്, ബാന്‍ഡ് ട്രൂപ്പുകള്‍ എന്നീ വിഭാഗങ്ങള്‍ ഉള്‍പ്പെടെ 13 പ്ലാറ്റൂണുകള്‍ അണിനിരന്ന പരേഡും നടന്നു.
വിമലഹൃദയ എച്ച്.എസ്.എസ്, ഗവ. ഐ.ടി.ഐയിലെ വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനം ആലപിച്ചു. തുടര്‍ന്ന് പ്ലാറ്റൂണുകള്‍ക്കുള്ള മൊമെന്‍റോ വിതരണത്തിന് ശേഷം ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകള്‍ അവസാനിച്ചു. പൂര്‍ണമായും കൊവിഡ് പ്രോട്ടോക്കോളും ഹരിതച്ചട്ടവും പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.