മലപ്പുറം: ചിത്രകലയില്‍ വിസ്‌മയം സൃഷ്ടിക്കുകയാണ് മിൻഹ. കരുവാരകുണ്ട് ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയും, പുന്നക്കാട് ചുങ്കം സ്വദേശി മുനീർ അഹമ്മദിന്‍റെയും മുഹ്‌സിനയുടെയും മകളാണ് മിൻഹ. അക്രിലിക് പെയിന്‍റിങ്ങിലൂടെയാണ് മിൻഹ പ്രമുഖരുടെ ചിത്രങ്ങൾ വരച്ച് അത്ഭുതം സൃഷ്‌ടിക്കുന്നത്.
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, മുൻ രാഷ്‌ട്രപതി ഡോ. എ.പി.ജെ അബ്‌ദുൽ കലാം, മുനവ്വറലി തങ്ങൾ, മുഖ്യമന്ത്രി പിണറായി വിജയൻ, സിനിമാ താരം മോഹൻലാൽ തുടങ്ങി ഒട്ടനേകം പ്രമുഖരുടെ ചിത്രങ്ങൾ അവധിക്കാലത്ത് ഈ കൊച്ചു മിടുക്കിയുടെ കരവിരുതൽ തെളിഞ്ഞിട്ടുണ്ട്. ചിത്രകലാരംഗത്ത് പരിശീലകരില്ലാതെ മിൻഹ വരക്കുന്ന ചിത്രങ്ങൾ ആരെയും ആകർഷിക്കും. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മുന്നിൽ നിൽക്കുന്ന മിൻഹ യൂട്യൂബ് ചാനൽ വിഡിയോകളിലൂടെ സംഗീതം, നൃത്തം എന്നിവയിലും പരിശീലനം നേടിയിട്ടുണ്ട്.