മലപ്പുറം: വിദ്യാർഥികൾക്കും മറ്റും വിൽപ്പനയ്ക്കായി കൊണ്ടുവന്ന സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മാരക മയക്കുമരുന്നുമായി പാണ്ടിക്കാട് സ്വദേശികളായ രണ്ടു പേരെ ജില്ലാ ആന്‍റി നാർക്കോട്ടിക് സ്ക്വാഡും പൊലീസും ചേർന്ന് പിടികൂടി. പയ്യപറമ്പ് സ്വദേശി കരുവാരക്കോട്ടിൽ സക്കറിയ എന്ന പൊടിപാറ്റി ഷുക്കൂർ (31), വെട്ടിക്കാട്ടിരി സ്വദേശി മമ്പാടൻ മുഹമ്മദ് നാസർ (31) എന്നിവരെയാണ് പാണ്ടിക്കാട് സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് അറസ്റ്റ് ചെയ്തത്.
20 ഗ്രാം എംഡിഎംഎയും ഇവരിൽ നിന്നും പിടികൂടി. ഗ്രൗണ്ടിൽ കാർ നിർത്തിയിട്ട് അതിനുള്ളിൽ എംഡിഎംഎ ചെറിയ പാക്കറ്റുകളിലാക്കി വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും അറസ്റ്റിലായത്. ഇവർ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.
ബെംഗളൂർ, ഗോവ എന്നിവടങ്ങളിൽ നിന്ന് രാത്രി കാല സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിലാണ് ഇവർ മയക്കുമരുന്ന് നാട്ടിലെത്തിക്കുന്നത്. രണ്ടാഴ്ച്ചക്കുള്ളിൽ കൊണ്ടോട്ടി, വേങ്ങര, പാണ്ടിക്കാട്, നിലമ്പൂർ, മഞ്ചേരി എന്നിവടങ്ങളിൽ നിന്നായി 68 ഗ്രാം എം.ഡി.എം.എ, 30 കിലോഗ്രാം കഞ്ചാവ്, എന്നിവയുമായി 15 പേരെയാണ് പിടികൂടിയത്.