മലപ്പുറം: കൂൺ കൃഷിയിൽ നൂറുമേനി വിളവെടുത്ത് എ.എം.യു.പി. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി ദിൽനയും മൂന്നാം ക്ലാസുകാരനായ സഹോദരൻ ദിൽഷാൻ നഹയും. ലോക്ക്ഡൗണിൽ വീട്ടിൽ ഒതുങ്ങിയതോടെ ദിൽനയും സഹോദരനും കൂൺകൃഷിയിലേക്ക് തിരിയുകയായിരുന്നു. പിതാവ് ഇഖ്ബാലിന്‍റെ സഹായത്തോടെ പരീക്ഷണമെന്നോണം വീടിനകത്ത് മുറിയിൽ ആദ്യമൊരുക്കിയതിൽ മികച്ച വിളവ് ലഭിച്ചു. കൂൺ വളരുന്നത് കൗതുകത്തോടെ നോക്കിക്കണ്ട ഇവർ പിന്നീട് സ്വന്തമായി കൂടുതൽ ബഡുകൾ ഒരുക്കി കൃഷി തുടങ്ങുകയായിരുന്നു.
ചിപ്പിക്കൂണാണ് ബഡുകളിൽ വിളയുന്നത്. ആദ്യമായത് കൊണ്ട് തന്നെ വീട്ടിലെ ആവശ്യത്തിനാണ് കൂൺ ഉപയോഗിക്കുന്നത്. കൂടുതൽ വിളവ് ലഭിക്കുന്ന മുറയ്ക്ക് വിപണനവും ഇവർ ആലോചിക്കുന്നുണ്ട്. വൈക്കോൽ ഉപയോഗിച്ചാണ് ഇവർ കൂൺ ബഡുകൾ ഒരുക്കുന്നത്. ഉമ്മ ആയിശാബിയും ഇവർക്ക് സഹായത്തിനുണ്ട്. കൂടുതൽ വിളവ് ലഭിച്ചതോടെ വീടിനു സമീപം പ്രത്യേക ഷെഡ് കെട്ടി കൃഷി കൂടുതൽ വിപുലപ്പെടുത്താനാണ് ഇവരുടെ തീരുമാനം. എങ്ങനെ കൂൺകൃഷി ചെയ്യാം എന്ന് പരിചയപ്പെടുത്തുന്ന ഇവർ അവതരിപ്പിച്ച വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.