മലപ്പുറം: പൊലീസ് പിടിയിലായ മാവോവാദി ശോഭനയുമായി (സവിത) നിലമ്പൂര്‍ മേഖലകളിലെ തെളിവെടുപ്പ് തുടരുന്നു. വിവിധ കേസുകളിലുള്ള തെളിവെടുപ്പ് അടുത്ത തിങ്കളാഴ്ച വരെ തുടരാനാണ് സാധ്യത. തെളിവെടുപ്പിന്‍റെ ഭാഗമായി വെൈദ്യ പരിശോധനക്കായി പ്രതിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലുമെത്തിച്ചു. നിലമ്പൂര്‍ വനമേഖലകളില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനത്തിനായി അനധികൃതമായി ആയുധം കൈവശം വച്ച് പ്രവര്‍ത്തിച്ചു എന്ന കുറ്റമാണ് പ്രധാനമായും ശോഭനയുടെ പേരിലുള്ളത്.
കഴിഞ്ഞ മാര്‍ച്ച് 11ന് കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ അട്ടപ്പാടി മേഖലയിലെ ആനക്കട്ടിയില്‍ വെച്ച് തമിഴ്‌നാട് സ്‌പെഷ്യല്‍ പൊലീസ് ക്യു ബ്രാഞ്ചാണ് കര്‍ണാടകയിലെ ഷിമോഗ സ്വദേശിയായ ശോഭനയെ അറസ്റ്റ് ചെയ്തത്. വഴിക്കടവ് പൊലീസ് സ്‌റ്റേഷനില്‍ 2016ല്‍ ഒരു കേസും പൂക്കോട്ടുംപാടം പൊലീസ് സ്‌റ്റേഷനില്‍ 2015ല്‍ ഒന്നും 2016ല്‍ രണ്ട് കേസും ഇവര്‍ക്കെതിരെയുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നിലമ്പൂര്‍ വനമേഖലകളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഇവര്‍ സന്ദര്‍ശിച്ചുവെന്ന് കരുതുന്ന വനമേഖലകളിലെ ആദിവാസി ഊരുകളിലെത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ പല ആദിവാസികളും പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.
കർണാടകയിലെ ചിക്‌മംഗ്ലൂര്‍, ഉഡുപ്പി, ഷിമോഗ എന്നിവിടങ്ങളിലടക്കം മറ്റ് നിരവധി കേസുകളും ശോഭനക്കെതിരെയുണ്ട്. 2008 മുതല്‍ ഇവരെ കാണാതായിരുന്നു. കേരളത്തിലടക്കം വിവിധ വനമേഖലകള്‍ കേന്ദ്രീകരിച്ച് മാവോ വാദികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇതിനിടെയാണ് പൊലിസിന്‍റെ പിടിയിലായത്. മഞ്ചക്കണ്ടി വെടിവെപ്പ് സമയത്ത് സ്ഥലത്തുണ്ടായിരുന്ന ശോഭന അവിടെ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഫെബ്രവരി നാലിനാണ് ശോഭനയെ നിലമ്പൂർ മേഖലയില്‍ തെളിവെടുപ്പിനായി കൊണ്ടു വന്നത്. ഇന്നലെ ചില കേസുകളില്‍ അനുവദിച്ച സമയം പൂര്‍ത്തിയായതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി മറ്റു കേസുകള്‍ക്കായി വീണ്ടും കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. കസ്റ്റഡി കാലാവധി തിങ്കളാഴ്ച കഴിയുന്നതിനാല്‍ കോടതിയില്‍ തിരിച്ചേല്‍പ്പിക്കും. എന്നാല്‍ മറ്റു കേസുകള്‍ക്കും കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കുമായി ആന്‍റി ടെററിസ്റ്റ് സ്‌ക്വാഡ് വീണ്ടും ശോഭനയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് സൂചന.