മലപ്പുറം: മണ്ണിടിച്ചിൽ ഉണ്ടായ കവളപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരുടെ ജീവിതം നരകതുല്യമാണ്. 17 കുടുംബങ്ങളാണ് സ്വകാര്യ ഓഡിറ്റോറിയത്തിൽ ഒരുക്കിയിട്ടുള്ള ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്. എന്നാൽ ഇത്രയും കുടുംബങ്ങൾക്ക് കഴിയാനുള്ള സൗകര്യങ്ങൾ ഇവിടെയില്ല. 17 കുടുംബങ്ങൾക്ക് ഉപയോഗിക്കാൻ രണ്ട് ടോയ്‌ലറ്റുകൾ മാത്രമാണ് ഇവിടെ ഉള്ളത്. ആളുകളുടെ എണ്ണം കൂടിയതോടെ കക്കൂസ് ടാങ്കുകൾ എല്ലാം നിറഞ്ഞു കവിഞ്ഞു. ഇതോടെ മലിനജലം പുറത്തേക്ക് ഒഴുകുകയാണ്.
കൊറോണ പോലെയുള്ള മാരക അസുഖങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ അസുഖങ്ങൾ വരുമോ എന്ന ഭീതിയിലാണ് ക്യാമ്പിൽ ഉള്ളവർ. പുനരധിവാസം സംബന്ധിച്ച് ഇതുവരെ യാതൊരു തീരുമാനവും ഉണ്ടായിട്ടില്ലെന്നും ഇവർ പറയുന്നു. എത്രയും പെട്ടെന്ന് തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ഇവർ.