മലപ്പുറം: ലോക്ക് ഡൗൺ കാലം വീട്ടിലിരിക്കുമ്പോൾ മിക്കവാറും പരീക്ഷണങ്ങളുടെ കാലമായിരുന്നു എല്ലാവർക്കും. എന്നാൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കിയ ശ്രീദേവിയുടെ ചിന്ത വേറിട്ടതായിരുന്നു. തെങ്ങ് കയറ്റത്തിൽ അച്ഛനെ സഹായിച്ചാണ് കാടാമ്പുഴ സ്വദേശി വ്യത്യസ്‌തയാകുന്നത്. മലപ്പുറം കാടാമ്പുഴയിൽ ഗോപാലൻ - ഉഷാ ദമ്പതികളുടെ മൂന്ന് മകളിൽ മൂത്ത മകളാണ് ശ്രീദേവി. തെങ്ങുകയറ്റക്കാരൻ ആയ ഗോപാലൻ ജോലിയിൽ മകളുടെ സഹായം കിട്ടുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.എന്നാൽ, നേരത്തെ ട്യൂഷൻ സെന്‍ററുകളിലും അക്ഷയ കേന്ദ്രത്തിലും ജോലി ചെയ്തിരുന്ന ശ്രീദേവി അത്തരം വഴികളെല്ലാം മുടങ്ങിയതോടെയാണ് തെങ്ങു കയറ്റത്തിലേക്ക് തിരിഞ്ഞത്. ഒറ്റപ്പാലം എൻഎസ്എസ് ട്രെയിനിങ് കോളജിലെ അവസാന വർഷ ബിഎഡ് വിദ്യാർഥിനി കൂടിയായ ശ്രീദേവി ലോക്ക് ഡൗണിൽ ലഭിച്ച ഇടവേള പ്രയോജനപ്പെടുത്തിയാണ് തെങ്ങുകയറ്റം അഭ്യസിച്ചത്.
തുടക്കത്തിൽ വീട്ടുകാർക്ക് മകളുടെ ആഗ്രഹത്തോട് എതിർപ്പുണ്ടായിരുന്നു. പിന്നീട് സമ്മതിക്കേണ്ടി വന്നു. തളപ്പിൽ പരീക്ഷണം നടത്തിയത് പരാജയപ്പെട്ടതിന് ശേഷം മെഷീനിന്‍റെ സഹായത്തോടെ തെങ്ങു കയറ്റം തുടങ്ങി. ദിവസേന 20ലധികം തെങ്ങുകൾ കയറുന്നുണ്ട് ഈ മിടുക്കി. മഹാമാരിയുടെ കാലത്ത് കുടുംബത്തെ സഹായിക്കാൻ വേറിട്ട വഴി സ്വീകരിച്ച ശ്രീദേവിക്ക് നാട്ടുകാർക്കിടയിലും വലിയ ആദരവാണ് ലഭിക്കുന്നത്.