മലപ്പുറം : വിരിഞ്ഞുനിൽക്കുന്ന സൂര്യകാന്തികളുടെ പാടശേഖരം ഒരുപക്ഷേ നമ്മള്‍ കണ്ടിട്ടുണ്ടാകും. എന്നാൽ റോഡരികിൽ സൂര്യകാന്തി പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്നത് കണ്ടിട്ടുണ്ടോ ? ഇല്ലെങ്കിൽ മലപ്പുറം വണ്ടൂർ അമ്പലപ്പടിയിലേക്ക് പോരുക. ഇവിടെ നിങ്ങള്‍ക്കായി അങ്ങനെയൊരു കാഴ്ചയുണ്ട്.
സംസ്ഥാന പാതയോരത്ത് അഞ്ഞൂറോളം വരുന്ന സൂര്യകാന്തിച്ചെടികളാണ് ഇവിടെ പൂത്ത് നിൽക്കുന്നത്. അമ്പലപ്പടിയിലെ നാട്ടുകൂടായ്മയാണ് ഈ മനോഹര കാഴ്ചയ്ക്ക് പിന്നിൽ. മാലിന്യങ്ങൾ തള്ളി കാടുമൂടി കിടന്ന 30 സെന്‍റ് സ്ഥലത്താണ് വസന്തം വിരിയിക്കാൻ നാട്ടുകാർ ഒത്തുകൂടിയത്.
കർഷകനായ മുരിങ്ങത്ത് ഹരിഹരന്‍റെ നേതൃത്വത്തിൽ അമ്പലവയലിൽ നിന്ന് കൊണ്ടുവന്ന വിത്തുകളാണ് പാകിയത്. തുടർന്ന് നാട്ടുകാരുടെ കൃത്യമായ പരിപാലനം കൂടിയായതോടെ ചെടി നിറയെ ഇന്ന് പൂക്കളാണ്. സംഭവം ഉഷാറായതോടെ സൂര്യകാന്തിപ്പൂക്കൾ കാണാനും ഫോട്ടോ എടുക്കാനും നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്.