മലപ്പുറം: രാമക്ഷേത്ര നിർമാണത്തെ പിന്തുണച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയ്ക്കും കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകൾക്കും എതിരെ മുസ്ലീം ലീഗ് പ്രമേയം പാസാക്കി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പ്രമേയം പാസാക്കിയത്. പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന അനവസരത്തിൽ എന്നും പ്രിയങ്ക ഗാന്ധിയുടെ വാക്കുകളോട് വിയോജിക്കുന്നു എന്നും പി.കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. പഴയ വിഷയം വീണ്ടും ഉയർത്തി കൊണ്ടു വന്ന് വിവാദം ഉണ്ടാക്കാൻ ലീഗ് ആഗ്രഹിക്കുന്നില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു. ബാബറി വിധിയെ അംഗീകരിക്കുകയല്ല സ്വാഗതം ചെയ്യുകയാണ് ലീഗ് ചെയ്തത്. വിഷയം വീണ്ടും ഉയർത്തിക്കൊണ്ടുവരാൻ പാർട്ടി ആഗ്രഹിക്കുന്നില്ല. വർഗീയ വേർതിരിവ് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് ലീഗ് നിന്നു കൊടുക്കുന്നില്ലെന്നും ഇ.ടി മുഹമ്മദ് ബഷീർ കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതാക്കൾ ലീഗുമായി സംസാരിച്ചിട്ടുണ്ട്. വിഷയം വഴി തിരിച്ചു വിടാൻ ആഗ്രഹിക്കുന്നില്ല. ലീഗ് നിലപാടിന് ഇന്ത്യയുടെ മതേതര മനസിന്‍റെ അംഗീകാരം ഉണ്ട്. അത് കൊണ്ട് തന്നെ മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ നിലപാട് തന്നെയാണ് ഇന്നും ലീഗിനുള്ളതെന്നും യോഗത്തിന് ശേഷം മുസ്ലീം ലീഗ് നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. യോഗത്തിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, എംപിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, പി.വി അബ്ദുൽ വഹാബ്, ലീഗ് നേതാവ് കെ.പി.എ മജീദ് തുടങ്ങിയവർ പങ്കെടുത്തു.