മലപ്പുറം: പിന്‍ഭാഗത്ത് ഒരു ചക്രമില്ലാതെ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് നടത്തിയ സംഭവത്തില്‍ ഏഴ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. നിലമ്പൂരിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ബസിന്‍റെ ചക്രം അഴിച്ചെടുത്ത് സൂപ്പർ ഫാസ്റ്റിൽ ഘടിപ്പിയ്‌ക്കുകയായിരുന്നു. യാത്രക്കാരുടെ സുരക്ഷ പരിഗണിയ്‌ക്കാതെ ഗുരുതര അച്ചടക്കലംഘനം നടത്തിയതിനാണ് കെ.എസ്.ആര്‍.ടി.സിയുടെ നടപടി.
'വിവരം രേഖപ്പെടുത്തിയില്ല'
2021 ഒക്ടോബർ ഏഴിനാണ് സംഭവം. രാവിലെ ആറിന് നിലമ്പൂരിൽനിന്ന് കോഴിക്കോട്ടേക്ക് പോയ ബസിന്‍റെ പിന്‍ഭാഗത്തെ ഫുട്ബോഡിന്‍റെ ഭാഗത്ത് ഒരു ചക്രം കുറവായിരുന്നു. യാത്രയ്ക്കിടെ ശബ്‌ദം കേട്ടാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടര്‍ന്ന് മഞ്ചേരിയിൽ യാത്ര അവസാനിപ്പിക്കേണ്ടിവന്നു. നിലമ്പൂർ ഡിപ്പോയിലെ മെക്കാനിക്കുകളായ കെ.പി സുകുമാരൻ, കെ അനൂപ്, കെ.ടി അബ്‌ദുള്‍ ഗഫൂർ, ഇ രഞ്ജിത്ത് കുമാർ, എ.പി ടിപ്പു മുഹ്സിൻ, ടയർ ഇൻസ്പെക്‌ടര്‍ എൻ അബ്‌ദുല്‍ അസീസ്, വെഹിക്കിൾ സൂപ്പർവൈസറുടെ ചുമതലയുള്ള കെ സുബ്രഹ്മണ്യൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്‌തത്.
വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന നിർവാഹക സമിതി അംഗം കൂടിയായ സുകുമാരനാണ് ഒക്‌ടോബര്‍ ആറാം തിയതി ഡ്യൂട്ടിയിലുണ്ടായിരുന്നത്. ബസിന്‍റെ സ്പ്രിങ് സെറ്റ് അഴിച്ചുമാറ്റിയത് ലോഗ് ഷീറ്റിൽ രേഖപ്പെടുത്തിയില്ലെന്നതാണ് സുകുമാരൻ, അനൂപ്, അബ്‌ദുല്‍ ഗഫൂർ, രഞ്ജിത്ത് കുമാർ എന്നിവർക്കെതിരായി കണ്ടെത്തിയ കുറ്റം. ബസിന്‍റെ ടയർ അഴിച്ചെടുത്ത് സുപ്പർ ഫാസ്റ്റിൽ ഘടിപ്പിച്ച വിവരം ലോഗ് ഷീറ്റിൽ രേഖപ്പെടുത്തുന്നതിൽ ടയർ ഇൻസ്പെക്‌ടര്‍ അബ്‌ദുല്‍ അസീസ്, ടിപ്പു മുഹ്സിൻ എന്നിവർ വീഴ്‌ച വരുത്തി.
ആരോപണവുമായി ഐ.എൻ.ടി.യു.സി
സർവീസ് പുറപ്പെടും മുൻപ് ടയറുകൾ, ഇന്ധന നില തുടങ്ങിയവ ഡ്രൈവർ പരിശോധിക്കണമെന്നാണ് ചട്ടം. 15 മിനിറ്റ് ഇതിനായി അനുവദിച്ചിട്ടുണ്ട്. പരിശോധിച്ചിരുന്നെങ്കിൽ ടയർ ഇല്ലാത്തത് കണ്ടെത്തുമായിരുന്നു. തന്‍റെ സീറ്റിന്‍റെ ഭാഗത്തെ ടയർ ഇല്ലാത്തത് കണ്ടക്‌ടറും ശ്രദ്ധിച്ചില്ല. അതേസമയം, വീഴ്ചയ്ക്ക് കാരണക്കാരായ ഉദ്യോഗസ്ഥരെ ഒഴിവാക്കുകയും മറ്റു ചിലരെ കുറ്റക്കാരാക്കാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി വിവിധ യൂണിയനുകള്‍ രംഗത്തെത്തി.
ALSO READ: ഗൂഢാലോചന കേസ്; രണ്ടാം ദിവസം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി, പ്രതികരിക്കാതെ ദിലീപ്
മൊത്തം മേൽനോട്ടം അസിസ്റ്റന്‍റ് ഡിപ്പോ എഞ്ചിനീയർക്കാണ്. മൂവർക്കുമെതിരെ നടപടി എടുക്കാത്തത് ഭരണകക്ഷി യൂണിയൻ അംഗങ്ങളായതിനാലാണെന്ന് ഐ.എൻ.ടി.യു.സി ആരോപിച്ചു. നടപടിക്കെതിരെ സി.എം.ഡിക്ക് പരാതി നൽകുമെന്നും സംഘടന ഭാരവാഹികൾ വ്യക്തമാക്കി.