മലപ്പുറം: വണ്ടൂരിൽ യുവാവിനെ ബാറിൽ വച്ച് മർദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ ഗുണ്ടാസംഘം അറസ്റ്റിൽ. കണ്ണൂർ കൂത്തുപറമ്പ് പാതിരിയാട് സ്വദേശികളായ എം.ഓ.പി റോഡിലെ നവജിത്ത്, ചിരുകണ്ടോത്ത് വീട് പി.വി പ്രിയേഷ് എന്നിവരെയാണ് വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കണ്ണൂരിലെ സി.പി.എം പടുവിലായി ലോക്കൽ കമ്മിറ്റി അംഗമായിരുന്ന കെ. മോഹനനെ കൊലപ്പെടുത്തിയതുൾപ്പെടെ നിരവധി കേസുകളിലെ പ്രതികളായ ആർ.എസ്.എസ് ഗുണ്ടാസംഘമാണ് അറസ്റ്റിലായത്. വണ്ടൂരിലെ ബാർ ഹോട്ടൽ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം. അഞ്ച് പ്രതികളുള്ള കേസിൽ ഒന്നാം പ്രതി കണ്ണൂർ സ്വദേശി വിജേഷ് ഉൾപ്പെടെ മൂന്ന് പേർ ഇനിയും പിടിയിലാകാനുണ്ട്.
ALSO READ:ബലാത്സംഗ കേസ് : തിരുവനന്തപുരം വിമാനത്താവളം മുൻ ചീഫ് ഓപ്പറേറ്റർ മധുസൂദന റാവു അറസ്റ്റില്‍
കഴിഞ്ഞ ഒക്ടോബറിൽ വണ്ടൂർ പുളിക്കലിലെ സിറ്റി പാലസ് ബാറിലെത്തിയ യുവാവിനെ ഗുരുതരമായി മർദിച്ച് പരിക്കേൽപ്പിച്ച കേസിലാണ് ഇവർ പിടിയിലായത്. മർദനത്തിൽ കണ്ണിനും മൂക്കിനും ഉൾപ്പെടെ യുവാവിന്‍റെ മുഖത്ത് ഗുരുതരമായി പരിക്കുകളേറ്റിരുന്നു. ബാറിൽ വച്ചുണ്ടായ തർക്കമാണ് അക്രമത്തിലേക്ക് വഴിവച്ചത്.
പുളിക്കലിലെ സിറ്റി പാലസ് ബാർ ഹോട്ടലിൽ സുരക്ഷക്കെന്ന പേരിലാണ് ഇവർ വണ്ടൂരിൽ തങ്ങുന്നത്. ബാറിൽ പ്രശ്നമുണ്ടാക്കുന്നവരെ അടിച്ചൊതുക്കുവാനാണ് ഇവരുൾപ്പെടയുള്ള ഗുണ്ടാസംഘത്തെ നിയോഗിച്ചിട്ടുള്ളതെന്നാണ് നാട്ടുകാർ പറയുന്നത്. മർദിക്കാനുപയോഗിക്കുന്ന പ്രത്യേക ഹാൻഡ് സ്റ്റിക്കുകളും ഇവരിൽ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.