മലപ്പുറം: ബൈക്കിൽ കടത്തുകയായിരുന്ന രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. പാണ്ടിക്കാട് ചെമ്പ്രശ്ശേരി പൂവ്വത്താൻ വീട്ടിൽ സുൽഫിക്കറലി(29)യാണ് കാളികാവ് എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്. കാളികാവിൽ നിന്നും കഞ്ചാവുമായി വരുന്ന വഴി അഞ്ചച്ചവിടി മൂച്ചിക്കലിൽ വെച്ച് ചൊവ്വാഴ്‌ച രാത്രിയോടെയായിരുന്നു ഇയാളെ പിടികൂടിയത്. കാളികാവ് റേഞ്ച് ഇൻസ്പെക്ടർ റോബിൻ ബാബുവും സംഘവുമാണ് പ്രതിയെ പിടികൂടിയത്.
ഇയാൾ ആന്ധ്രാപ്രദേശിൽ നിന്നും വൻതോതിൽ കഞ്ചാവ് കടത്തുന്നതായി എക്സൈസ് ഇന്‍റലിജൻസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാള്‍ മാസങ്ങളായി നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞയാഴ്‌ച കാളികാവിൽ നിന്നും രണ്ട് കിലോ കഞ്ചാവുമായി മറ്റൊരു പ്രതിയേയും എക്സൈസ് സംഘം പിടികൂടിയിരുന്നു. പ്രിവന്റീവ് ഓഫീസർ ഷിജു മോൻ, എന്‍ ശങ്കര നാരായണൻ, കെ എസ് അരുൺ കുമാർ, വി സുഭാഷ്, ടി കെ സനീഷ്, ലിജിൻ, ഷിജിൽ നായർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കസ്റ്റഡിയിലെടുത്ത പ്രതിയെ മഞ്ചേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.