മലപ്പുറം: കുഴൽപ്പണ കവർച്ച കേസില്‍ അന്തർ ജില്ല കവർച്ച സംഘത്തലവൻ ഉൾപ്പെടെ മൂന്നുപേര്‍ കൂടി പിടിയില്‍. മലപ്പുറം കോടൂരിൽ വച്ച് 80 ലക്ഷം തട്ടിയ സംഭവത്തിൽ മുഖ്യപ്രതിയും സൂത്രധാരനുമായ സുജിത്തും സംഘവുമാണ് മലപ്പുറം പൊലീസിന്‍റെ പിടിയിലായത്. ശ്രീജിത്ത്, പ്രതികൾക്ക് ഒളിത്താവളം ഒരുക്കിയ ഷിജു എന്നിവരെ വയനാട് നമ്പിക്കൊല്ലിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
വയൽമൗണ്ട് റിസോർട്ടിന് സമീപമുള്ള ഒളിസങ്കേതത്തിലായിരുന്നു ഇവര്‍. പൊലീസ് ഇൻസ്പെക്‌ടര്‍ ജോബി തോമസിന്‍റെ നേതൃത്വത്തിലാണ് തെരച്ചില്‍ നടന്നത്. ഒളിസങ്കേതം വളയുന്നതിനിടയിൽ പൊലീസിനെ വെട്ടിച്ച് വനത്തിലേക്ക് കടന്നുകളഞ്ഞു, വധശ്രമം, കാസര്‍കോട് മൂന്നര കോടി തട്ടിയത് എന്നീ കേസിലെ മുഖ്യ പ്രതിയാണ് സുജിത്ത്.
ALSO READ: 'രക്ഷപ്പെടുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു'; ഇനിയും യാത്ര പോകും, പക്ഷേ മുന്‍കരുതലെടുക്കും: ബാബു
ഇയാളെ മണിക്കൂറുകൾ തെരഞ്ഞാണ് കീഴ്‌പ്പെടുത്തിയത്. മുഖ്യപ്രതിയുടെ കൂടെ ഉണ്ടായിരുന്ന ജോബിഷ് ജോസഫ്, നിരവധി കേസുകളില്‍ പ്രതിയാണ്. കാസര്‍കോട് മൂന്നര കോടി തട്ടിയ കേസിലും പുൽപ്പള്ളി സ്റ്റേഷനിലെ വധശ്രമ കേസിലും ഇയാള്‍ പ്രതിയാണ്. അഖിൽ ടോം, അനു ഷാജി എന്നിവരെ നേരത്തേ കസ്റ്റഡിയിൽ എടുത്ത് പുൽപ്പള്ളി സ്റ്റേഷനിലേക്ക് കൈമാറിയിരുന്നു.
നേരത്തെ സുജിത്തിനെതിരെയും ജോബിഷ് ജോസഫിനെതിരെയും കാസര്‍കോട് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം 10 ആയി. ഏഴ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.