മലപ്പുറം: കൊവിഡ് കാലം എല്ലാവർക്കും വേദനകൾ മാത്രമാണ് സമ്മാനിച്ചിരുന്നത്. സ്കൂളുകളും കോളജുകളും അടച്ചതോടെ വിദ്യാർഥികൾ ഓൺലൈൻ ക്ലാസുകളിലേക്ക് മാറി. വീടുകളില്‍ അടച്ചിരുന്നവർ മാനസിക ഉല്ലാസത്തിനായി പല മാർഗങ്ങളും തേടി. മലപ്പുറം കാട്ടിലങ്ങാടി ശിഹാബ് തങ്ങൾ മെമ്മോറിയൽ വനിതാ കോളജ് സൈക്കോളജി മൂന്നാം വർഷ വിദ്യാർഥിനി അഖില ഇലകളിലാണ് സർഗ വിസ്മയം തീർക്കുന്നത്. പ്ലാവ്, ആൽ, അരയാൽ, തേക്ക് എന്നിവയുടെ ഇലകളിലാണ് അഖില, ലീഫ് ആർട്ട് ചെയ്യുന്നത്. 'അഖിലാർട്ട്' എന്നപേരിൽ ഇൻസ്റ്റാഗ്രാമിൽ തന്‍റെ സൃഷ്ടികൾ പോസ്റ്റു ചെയ്യുന്ന അഖിലയ്ക്ക് നിരവധി ആരാധകരും ഫോളോവേഴ്‌സും ഉണ്ട്.
ശിഹാബ് തങ്ങൾ, മഹാത്മാ ഗാന്ധി, മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ, പിണറായി വിജയൻ, കെ.കെ ശൈലജ ടീച്ചർ തുടങ്ങി നിരവധി പ്രമുഖരുടെ ചിത്രങ്ങൾ ഇതിനകം അഖില ഇലകളില്‍ വരച്ചിട്ടുണ്ട്. ലീഫ് ആർട്ട് എന്ന പേരിൽ പ്രസിദ്ധി ആർജിക്കുന്ന ഈ കലാരൂപം കൊവിഡ് കാലത്ത് ഏറെ ആശ്വാസമാണ് അഖിലയുടെ കുടുംബത്തിന് നൽകിയത്. ശിഹാബ് തങ്ങൾ കോളജിൽ നടന്ന ത്രിദിന ലിറ്ററേച്ചർ ഫെസ്റ്റിവലിൽ അഖിലയുടെ ചിത്രങ്ങൾ പ്രതിനിധികളുടെ ശ്രദ്ധ നേടിയിരുന്നു. പഠനത്തിനൊപ്പം പാലിയേറ്റിവ് പ്രവർത്തനം, ക്ലാസിക്കല്‍ സംഗീതം, പെൻസിൽ കാർവിങ്, സ്റ്റെൻസിൽ ആർട്ട് എന്നിവയിലും മിടുക്കിയാണ് കുറ്റിപ്പുറം ചെമ്പിക്കൽ പാഴൂർ വേലായുധന്‍റെയും ശാന്തകുമാരിയുടെയും മകളായ അഖില.