മലപ്പുറം: രാജ്യത്തെ ഭാരതരത്ന ജേതാക്കളുടെ പേരും നേടിയ വർഷവും പെൻസിലിൽ കൊത്തിയെടുത്ത് വിസ്‌മയം തീർക്കുകയാണ് മലപ്പുറം ഊർങ്ങാട്ടിരി ആലിൻചുവട് സ്വദേശി ആദർശ്. പെൻസിൽ മൈക്രോ ആർട്ടിൽ വിദഗ്‌ധനായ ഈ കലാകാരൻ, 1954ൽ ആദ്യ ഭാരതരത്നം നേടിയ സി.ആർ രാജഗോപാലാചാരി മുതൽ ഭൂപൻ ഹസാരിക വരെയുള്ള 48 പുരസ്‌കാര ജേതാക്കളുടെ പേരും വർഷവുമാണ് അതിമനോഹരമായ രീതിയിൽ പെൻസിലിൽ കൊത്തിയെഴുതിയിരിക്കുന്നത്.
14 മണിക്കൂർ കൊണ്ട് പൂർത്തിയാക്കിയ ആദർശിന്‍റെ ഈ പെൻസിൽ മൈക്രോ ആർട്ട് ഇതിനകം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയിട്ടുണ്ട്. സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് വളരെ ക്ഷമയും കൂടുതൽ സമയവും എടുത്താണ് ഇതിന്‍റെ നിർമാണം പൂർത്തിയാക്കിയതെന്നും ആദർശ് പറയുന്നു.
കൊവിഡിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടതോടെയാണ് ആദർശ് ഈ മേഖലയിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിച്ചത്. പിന്നീടത് കുടുംബത്തിന്‍റെ ഉപജീവന മാർഗമായി മാറുകയായിരുന്നു. ഏതായാലും പെൻസിൽ മൈക്രോ ആർട്ട് ക്ലിക്കായതോടെ നിരവധി പേരാണ് വിശേഷദിവസങ്ങളിൽ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനമായി നൽകാൻ ഇതാവശ്യപ്പെട്ട് ആദർശിനെ സമീപിക്കുന്നത്.
സുന്ദരൻ - ഉഷാ ദമ്പതികളുടെ മകനായ ആദർശ് നിലവിൽ വീടിന്‍റെ ഡിസൈൻ ജോലി ചെയ്‌തുവരികയാണ്. അതിനുപുറമേ ഒഴിവുവേളകളിൽ പെൻസിൽ ആർട്ടും ചെയ്‌തും വരുമാനം കണ്ടെത്തുകയാണ് ഈ യുവാവ്.