മലപ്പുറം: യുഡിഎഫ് ഭരിക്കുന്ന എടക്കര പഞ്ചായത്തിൽ ഫയലുകളിൽ വൻ ക്രമക്കേട്. മുൻ സെക്രട്ടറിമാർ ഉൾപ്പെടെ ഒമ്പത് ജീവനക്കാരെ സസ്പെൻ്റ് ചെയ്‌തു. എടക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി തോമസ് ഉമ്മൻ, മുൻ സെക്രട്ടറി എംഎം രതീദേവി, ഹെഡ് ക്ലാർക്ക് സി ജെ ജോസ്, അസിസ്റ്റൻ്റ് സെക്രട്ടറി മുരളീധരൻ പുന്നക്കുഴി, സീനിയർ ക്ലാർക്കുമാരായ ഇ സുമേഷ്, കെ പി സുരേഷ് കുമാർ, സുജേഷ് തോമസ്, ഓഫീസ് അറ്റൻ്റൻ്റ് എ ഡി സീമ, പാർട് ടൈം സ്വീപ്പർ സേതുമാധവൻ എന്നിവരെയാണ് സസ്പെൻ്റ് ചെയ്‌തത്.
എടക്കര പഞ്ചായത്തിൽ കെട്ടിട നിർമാണ പെർമിറ്റ്, കെട്ടിട നമ്പർ ലൈസൻസ് അനുവദിക്കൽ, ഫയലുകൾ നശിപ്പിക്കൽ എന്നീ ഗുരുതര ക്രമക്കേടിനെ തുടർന്നാണ് നടപടി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്‌ടറുടെ റിപ്പോർട്ട് പ്രകാരം പഞ്ചായത്ത് ഡയറക്‌ടർ ഡോ. പി കെ ജയശ്രീ ഐഎഎസ് ആണ് സസ്പെൻ്റ് ചെയ്‌തത്. സെക്രട്ടറി അറിയാതെ ലൈസൻസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തതായി അന്വേഷണത്തിൽ കണ്ടെത്തി. പ്രധാന ഫയലുകൾ ഓഫീസിൽ നിന്ന് നഷ്‌ടപ്പെട്ടതായും പരിശോധനയിൽ വ്യക്തമായി.
സെക്രട്ടറി സ്വന്തം ഡിജിറ്റൽ സിഗ്നേച്ചർ, ലോഗിൻ ഐഡി, പാസ് വേർഡ് എന്നിവ ഓഫീസിലെ ഹെഡ് ക്ലാർക്ക് ഉൾപ്പെടെയുള്ള ജീവനക്കാർക്ക് കൈമാറിയാണ് ഗുരുതരമായ ക്രമക്കേട് സംഘടിതമായി നടത്തിയത്. നിയമ വിരുദ്ധ പ്രവൃത്തികൾ കണ്ടുപിടിക്കുമെന്ന് വ്യക്തമായതോടെ വിവാദ ഫയലുകൾ ബോധപൂർവ്വം നശിപ്പിക്കുകയായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തി.