മലപ്പുറം : ട്രിപ്പിൾ ലോക്ക് ഡൗണിൽ വാഹനപരിശോധനയിലായിരുന്ന പൊലീസിനെ അസഭ്യം പറഞ്ഞ സംഭവത്തിൽ ലോറി ഡ്രൈവർ അറസ്റ്റില്‍. സുൽത്താൻ ബത്തേരി നിരവത്ത് കണ്ടത്തിൽ എൽദോ (50) യാണ് പിടിയിലായത്. കോട്ടയ്ക്കൽ ഭാഗത്തുനിന്ന് മലപ്പുറത്തേക്ക് ലോറിയിൽ ചരക്ക് കയറ്റി വരികയായിരുന്ന ഇയാൾ വാഹന പരിശോധന നടത്തുകയായിരുന്ന എസ്ഐ ബിബിൻ ബി. നായരോടാണ് തട്ടിക്കയറിയത്. വാഹനങ്ങൾ കടന്നുപോകുന്ന ബാരിക്കേഡിന് സമീപം ലോറി നിർത്തിയത് ഗതാഗത തടസം സൃഷ്ടിക്കുമെന്ന് എസ്ഐ ചൂണ്ടിക്കാട്ടിയതാണ് ഇയാളെ ചൊടിപ്പിച്ചത്.
തുടർന്ന് വാക്ക് തർക്കമുണ്ടാവുകയും റോഡിൽ ഗതാഗത കുരുക്കിന് ഇടയാക്കുകയുമായിരുന്നു. പ്രശ്‌നം പരിഹരിച്ച് ലോറിയിൽ തിരിച്ച് കയറുന്നതിനിടെയാണ് പൊലീസിന് നേരെ ഡ്രൈവർ അസഭ്യം പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഇതോടെ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. തുടർന്ന് ഡിവൈഎസ്പി സുദർശനന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി ഗതാഗതം നിയന്ത്രിച്ചു. റോഡിൽ വാഹനങ്ങളുടെ എണ്ണം വർധിച്ചതോടെ ഈ റൂട്ടിൽ പൊലീസ് പരിശോധന ശക്തമാക്കി. അനാവശ്യമായി നിരത്തിലിറങ്ങുന്നവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.