മലപ്പുറം: പ്ലേഗ് വ്യാപനം തടയാനായി 121 വർഷം മുൻപും ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിന് തെളിവുകൾ. രോഗവ്യാപനം തടയാൻ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്ന രീതി ഇപ്പോഴത്തെ തലമുറയ്ക്ക് പുതുമയുള്ളത് ആയിരുന്നെങ്കിലും ഒരു നൂറ്റാണ്ട് മുൻപും രോഗത്തെ ചെറുക്കാൻ ഈ സമ്പ്രദായമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. 121 വർഷങ്ങൾക്ക് മുൻപ് പൊട്ടിപ്പുറപ്പെട്ട പ്ലേഗ് വ്യാപനം തടയാനായി അന്നത്തെ മലബാർ കലക്‌ടർക്കുവേണ്ടി എച്ച്.ബി. ജാക്‌സൺ ഇറക്കിയ ഉത്തരവും അതിന് പ്രചാരം നൽകാനായി നൽകിയ പത്ര പരസ്യവുമാണ് ലോക്ക് ഡൗണിന്‍റെ പഴയ ശൈലിയെ പരിചയപ്പെടുത്തുന്നത്.
മഞ്ചേരി കരിക്കാട് പാലിശ്ശേരി മനയിലെ ഇപ്പോഴത്തെ കാരണവരായ ഉണ്ണിക്കൃഷ്‌ണൻ നമ്പൂതിരിയാണ് ഇത്തരമൊരു ചരിത്രരേഖ സൂക്ഷിച്ചുവെച്ചിട്ടുള്ളത്. അക്കാലത്ത് പ്ലേഗ് വ്യാപകമായിക്കൊണ്ടിരിക്കുന്നത് തടയാൻ ജനങ്ങൾ കൂട്ടം കൂടാതിരിക്കാനുള്ള മുൻകരുതലെന്ന നിലയിലായിരുന്നു ലോക്ക് ഡൗൺ എന്ന് പേരിടാത്ത ഈ നിരോധനം. 1900-ൽ ഉണ്ടായ പ്ലേഗ് ഇന്നത്തെ കൊവിഡ് പോലെ ലോകത്തെയാകെ ആശങ്കയിലാഴ്ത്തുകയും നിരവധിപേർ മരിക്കുകയും ചെയ്‌തിരുന്നു. ഇത് ഇന്ത്യയിലേക്കും വ്യാപിച്ചപ്പോഴാണ് ഗവർണർ മലബാറിൽ ഈ നിരോധനം പ്രഖ്യാപിച്ചത്. മനയിലെ രേഖകൾ പുരാവസ്‌തുവകുപ്പ് പരിശോധിക്കുകയും ഡിജിറ്റൈസ് ചെയ്‌ത് സൂക്ഷിക്കുകയും ചെയ്‌തിട്ടുണ്ട്.
Also Read: ETV BHARAT IMPACT: അപകട ഭീഷണിയായ വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിച്ചു
‘‘മലയാം ജില്ല പൊന്നാനി താലൂക്ക് ഗുരുവായൂരിൽ അടുത്തുണ്ടാകാൻ പോകുന്ന ഏകാദശി ഉത്സവത്തിനും ചന്തയ്ക്കും മൈസൂർ രാജ്യത്തുനിന്നും സേലം ജില്ലയിൽനിന്നും പ്ലേഗ് ബാധിച്ച മറ്റു ജില്ലയിൽനിന്നും ആളുകളെ വരാൻ അനുവദിച്ചാൽ ഗുരുവായൂരിൽ പ്ലേഗ് ഭയം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ആലോചനാസഭയിൽ ഗവർണർക്ക് ബോധ്യം വന്നിരിക്കുന്നു. 1897-ലെ പകർച്ചരോഗ ആക്‌ട് പ്രകാരം ഉത്സവത്തിനും ചന്തയ്ക്കും 1900 നവംബർ 16 മുതൽ ഡിസംബർവരെ മേൽപ്പറഞ്ഞ സ്ഥലങ്ങളിൽനിന്ന് ആളുകൾ വരുന്നത് നിരോധിച്ചിരിക്കുന്നു. പരസ്യത്തിന് വിരുദ്ധമായി ഉത്സവത്തിനോ ചന്തക്കോ വന്നാൽ മടക്കി അയക്കുന്നതാകുന്നു.’’- ഇതായിരുന്നു പരസ്യത്തിലെ വാചകങ്ങൾ.
Also Read: കിണറ്റില്‍ വീണ ഗര്‍ഭിണിയായ ആടിന് രക്ഷകരായി നിലമ്പൂര്‍ അഗ്നിശമനസേന