മലപ്പുറം: കൊണ്ടോട്ടി ഉപജില്ലാ കായിക മേളക്കെതിരെ പ്രതിഷേധവുമായി കായിക അധ്യാപകര്‍ രംഗത്ത്. പ്രതിഷേധം ശക്തമായതോടെ കൊണ്ടോട്ടി മണ്ഡലം എം.എസ്.എഫ് കമ്മിറ്റി എ.ഇ.ഒ ഓഫീസ് ഉപരോധിച്ചു. അതേസമയം കായിക അധ്യാപകരുടെ സമരം ഉപജില്ലാ കായിക മേളയെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്. കൃത്യമായി വിവരങ്ങള്‍ നല്‍കാത്തതിനാല്‍ മത്സരങ്ങള്‍ മാറ്റിവയ്ക്കുന്നത് മത്സരാര്‍ഥികളെ ബുദ്ധിമുട്ടിലാക്കുന്നു.
കൊണ്ടോട്ടി ഉപജില്ലയിലെ ഹാൻഡ് ബോൾ മത്സരം മാറ്റിവച്ച വിവരം കുട്ടികള്‍ അറിയുന്നത് മത്സരത്തിനായി ശനിയാഴ്‌ച കക്കോവ് സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തിയപ്പോഴാണ്. എന്നാല്‍ ഞായറാഴ്‌ചയും മത്സരം നടന്നില്ല. പുളിക്കൽ എ.എം.എച്ച്.എസ് സ്‌കൂൾ ഗ്രൗണ്ടിൽ ഫുട്ബോള്‍ മത്സരത്തിനെത്തിയ വിദ്യാര്‍ഥികളും മടങ്ങി. ഇന്ന് ബ്ലോസം കോളജ് ഗ്രൗണ്ടിൽ നടക്കാനിരുന്ന ക്രിക്കറ്റ് മത്സരവും മുടങ്ങിയതോടെ ക്ലാസ് ഒഴിവാക്കി മത്സരത്തിന് എത്തുന്ന വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്.