മലപ്പുറം: റമദാൻ അവസാന പത്തിലേക്ക് കടന്നതോടെ മലബാറിലെ മക്കയെന്നറിയപ്പെടുന്ന പൊന്നാനി വലിയ പള്ളിയില്‍ തിരക്കേറി. ഒറ്റമരം കൊണ്ട് തീര്‍ത്ത പള്ളിയെന്നു വിശ്വസിക്കുന്ന വലിയപള്ളിക്ക് പഴമയുടെ പെരുമ കൂടിയുണ്ട്. വിശേഷ ദിവസങ്ങളില്‍ വിളക്ക് കത്തിക്കുന്ന ആചാരവും ഈ പള്ളിയുടെ പ്രത്യേകതയാണ്. ചില്ല് വിളക്കില്‍ തിരിവെച്ച് എണ്ണയൊഴിച്ച് സന്ധ്യാസമയത്ത് ബാങ്ക് വിളിക്കുമ്പോള്‍ കത്തിക്കും. ഹൈന്ദവ ആചാരത്തെ അനുസ്മരിപ്പിക്കുന്നതാണ് ഇത്. റമദാൻ ആഗതമാകുമ്പോഴും ഇരുപത്തിയേഴാം രാവിനുമെല്ലാം വിളക്ക് കത്തിക്കൊണ്ടിരിക്കും. ഈ വിളക്കിന് ചുറ്റുമിരുന്ന് പഠിക്കാനും തിരക്കാണ്.
റമദാനിലെ അവസാന പത്തിലെ വെള്ളിയാഴ്ചയില്‍ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. സുന്നി ആശയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വലിയപള്ളി ഇസ്ലാമിക ആചാരങ്ങള്‍ കൊണ്ടും സമ്പന്നമാണ്.