മലപ്പുറം: റംസാൻ സീസണില്‍ വിപണിയില്‍ ഏറ്റവും ഡിമാൻഡുള്ള വിഭവമാണ് ഈന്തപ്പഴം. കേരളത്തില്‍ ഈന്തപ്പഴ വിപണി സജീവമാകുന്നതും നോമ്പുകാലത്താണ്. ബേക്കറികളിലും പഴക്കടകളിലുമെല്ലാം ഈന്തപ്പഴ വിൽപ്പന പൊടിപൊടിക്കുകയാണ‌്. കുട്ടികൾക്കും മുതിർന്നവർക്കും പ്രിയപ്പെട്ടതായതിനാൽ നോമ്പുതുറ വിഭവങ്ങളിൽ ഈന്തപ്പഴം ഉൾപ്പെടുത്താത്തവരില്ല. ഇത്തവണ നാല്‍പ്പത്തിയഞ്ചിലധികം ഇനങ്ങളാണ് വില്‍പ്പനയ്ക്കായി എത്തിയിരിക്കുന്നത്. 2862 ഇനങ്ങളുള്ള അറേബ്യയിലെ കൃഷിയിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് ഏറ്റവുമധികം ഈന്തപ്പഴം എത്തുന്നത്.
വിലകൂടിയ അജ്‌വാ മുതൽ താരതമ്യേന വിലക്കുറവുള്ള ഹാദി, ഹസ തുടങ്ങിയവയാണ് വിപണിയിലെ താരങ്ങള്‍. ഒരു കിലോ അജ്‌വയ്ക്ക് 2500 രൂപയാണ് വിലയെങ്കില്‍ ഹാദിക്കും ഹസക്കും 250 രൂപയാണ് വിപണി വില.
പള്ളികളിലെയും തൊഴിലാളി ക്യാമ്പുകളിലെയും നോമ്പുതുറയ്ക്കായി ചെറിയ പ്ലാസ്റ്റിക് ആവരണത്തില്‍ പൊതിഞ്ഞ ഈന്തപ്പഴങ്ങളും ചോക്കലേറ്റിലും തേനിലും പൊതിഞ്ഞ ഈന്തപ്പഴങ്ങളുമെല്ലാം വിപണിയിലുണ്ട്. ഈന്തപ്പഴങ്ങള്‍ക്കു പുറമേ ഉണങ്ങിയ പഴങ്ങളുടെ വിപണിയും നോമ്പുകാലത്ത് സജീവമാണ്.