മലപ്പുറം: മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ കേരള-തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ ഗൂഡല്ലൂര്‍ പുളിയംപാറയില്‍ പാലം തകർന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് പുളിയംപാറ-കോഴിക്കൊല്ലി റോഡിലെ പാലം മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നത്. ഇതേതുടര്‍ന്ന് ഇരുനൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെടുകയും പ്രദേശത്തേക്കുള്ള ഗതാഗതം തടസപ്പെടുകയും ചെയ്തു.
ജനവാസ കേന്ദ്രത്തോട് ചേര്‍ന്നുണ്ടായ ശക്തമായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് പുഴകളും തോടുകളും നിറഞ്ഞൊഴുകുകയാണ്. കനത്ത മഴയില്‍ ദേവാല വളവയലിലും റോഡ് തകര്‍ന്നിട്ടുണ്ട്. നാടുകാണിക്കും ഗൂഡല്ലൂരിനുമിടയില്‍ കമ്പിപ്പാലത്തും കഴിഞ്ഞ ദിവസം റോഡ് 20 മീറ്ററോളം നീളത്തില്‍ പിളര്‍ന്നിരുന്നു. ദുരിതബാധിത പ്രദേശങ്ങളില്‍ ദ്രാവിഡ മണി എം.എല്‍.എ, നീലഗിരി ജില്ലാ കലക്ടര്‍ ഇന്നസെന്‍റ് ദിവ്യ, ഗൂഡല്ലൂര്‍ ആര്‍.ഡി.ഒ രാജ്‌കുമാര്‍, ഗൂഡല്ലൂര്‍ തഹസില്‍ദാര്‍ ദിനേശ്‌കുമാര്‍, ഹൈവേ വകുപ്പ് എന്‍ജിനീയര്‍ സുല്‍ത്താന ഫര്‍വിന്‍ എന്നിവർ സന്ദര്‍ശിച്ചു.