മലപ്പുറം: ലോക്ക് ഡൗൺ കാലത്ത് പ്രയാസമനുഭവിക്കുന്ന അഭിഭാഷകർക്ക് സഹായം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള ലോയേഴ്സ് ഫോറം ധർണ നടത്തി. സംസ്ഥാന വ്യാപകമായി കോടതികൾക്ക് മുന്നിലായിരുന്നു സമരം നടത്തിയത്. ലോക്ക് ഡൗൺ കാലത്തെ പ്രയാസമനുഭവിക്കുന്ന അഭിഭാഷകർക്ക് 10,000 രൂപ വീതം ബാർ കൗൺസിൽ അടിയന്തര ധനസഹായം നൽകുക. ജൂനിയർ അഭിഭാഷകർക്ക് സ്റ്റൈപ്പൻഡ് നൽകുക ,ലീഗൽ ബെനിഫിറ്റ് ഫണ്ടിൽ നിന്നും സർക്കാർ നൽകുവാനുള്ള 38 കോടി രൂപയിൽ നിന്ന് 10 കോടിയെങ്കിലും തിരിച്ചു നൽകുക. അഭിഭാഷക ക്ഷേമനിധി ഭേദഗതി വരുത്തുക, അവശരായ അഭിഭാഷകർക്ക് ആവശ്യമായ സഹായം നൽകാൻ ബാർ കൗൺസിൽ തയ്യാറാവുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
സംസ്ഥാന വ്യാപകമായി നടന്ന സമരത്തിൽ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ചാണ് അഭിഭാഷകർ സമരം നടത്തിയത്. മലപ്പുറം കോടതിക്ക് മുന്നിൽ നടന്ന സമരത്തിൽ ബാർ അസോസിയേഷൻ പ്രസിഡന്‍റ് കെ .കെ ഷാഹുൽ ഹമീദ് നേതൃത്വം നൽകി. സർക്കാർ അടിയന്തരമായി പ്രശ്നത്തിൽ ഇടപെടണമെന്നും ഇവർ ആവശ്യപ്പെട്ടു. അഭിഭാഷകരായ റജീന മുസ്തഫ, അഫീഫ് പറവത്ത്, സെനുൽ ആബിദീൻ തങ്ങൾ, ഫസീല അൻവർ സാഹിബ് തുടങ്ങിയവർ പങ്കെടുത്തു.