മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ ജീവനക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. ടെർമിനൽ മാനേജറായ കോഴിക്കോട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏഴ് ദിവസം മുമ്പ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇയാളെ റാപ്പിഡ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. എന്നാല്‍ ഇന്നാണ് ഫലം പുറത്തുവരുന്നത്. റാപ്പിഡ് പരിശോധനകൾക്കുശേഷവും ഇയാൾ വിമാനത്താവളത്തിൽ ജോലിക്ക് എത്തിയിരുന്നു. ഇത് വലിയ അനാസ്ഥയായാണ് കണക്കാക്കുന്നത് .
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ജോലി മാറ്റം ലഭിച്ചതിനെത്തുടർന്ന് അരുണാചൽപ്രദേശിലേക്ക് പോകാനൊരുങ്ങുകയായിരുന്നു ഇയാള്‍ . ഇതിനിടയിലാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇന്നലെ യാത്രയയപ്പ് ചടങ്ങും നടന്നിരുന്നു. ഈ ചടങ്ങിൽ വിമാനത്താവളത്തിന്‍റെ ഡയറക്‌ടർ അടക്കമുള്ള ആളുകൾ പങ്കെടുത്തതായാണ് സൂചന.
ഇയാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ വിമാനത്താവളത്തിൽ ഇയാളുമായി അടുത്ത് ഇടപഴകിയ എല്ലാ ആളുകളോടും ഉടൻ നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവരില്‍ പലരും ഇപ്പോഴും വിമാനത്താവളത്തിൽ ജോലി ചെയ്യുന്നുണ്ട് എന്നാണ് സൂചന.