മലപ്പുറം: പ്രളയത്തിനു ശേഷം വീണ്ടും സാമൂഹിക പ്രതിബദ്ധത തെളിയിച്ച് കരിപ്പൂർ വിമാനത്താവള അധികൃതർ. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ അണുനശീകരണ പ്രവർത്തനങ്ങൾക്കും സാമൂഹിക അടുക്കളക്കുമായി 15 ലക്ഷം രൂപ ധനസഹായമാണ് അധികൃതർ ഉറപ്പു നൽകുന്നത്. വിമാനത്താവളം നിലകൊള്ളുന്ന പള്ളിക്കൽ പഞ്ചായത്തിന് അഞ്ചുലക്ഷവും കൊണ്ടോട്ടി നഗരസഭയ്ക്ക് പത്തുലക്ഷവുമാണ് എയർപോർട്ട് അധികൃതർ നൽകുക.
ബുധനാഴ്‌ചയോടെ വിമാനത്താവളം ഭാഗികമായി തുറന്നിരുന്നു. അടിയന്തര ഘട്ടത്തിൽ വിമാനങ്ങൾക്ക് പറന്നിറങ്ങാനാണ് നടപടി. ഏപ്രിൽ 14 വരെ ഇത് തുടരും. ലോക്‌ഡൗണിന്‍റെ ഭാഗമായി ആഭ്യന്തര- അന്താരാഷ്‌ട്ര വിമാന സർവീസുകൾ പൂർണമായും നിർത്തലാക്കിയിരുന്നു.