മലപ്പുറം: ജോസ് കെ മാണിക്ക് അധികകാലം എൽ.ഡി.എഫിൽ നിൽക്കാനാവില്ലെന്ന് കേരളാ കോൺഗ്രസ് എം ജോസഫ് വിഭാഗം നേതാവും മുൻ ഗവ. ചീഫ് വിപ്പുമായ തോമസ് ഉണ്ണിയാടന്‍ നിലമ്പൂരിൽ പറഞ്ഞു. കെ.എം മാണിയെ വ്യക്തിപരമായി പോലും അധിക്ഷേപിച്ച എൽ.ഡി.എഫിലേക്ക് ജോസ് കെ മാണി വിഭാഗം പോയത് മാണിയുടെ ആത്മാവിനോടു ചെയ്യത വലിയ ക്രൂരതയാണ്. യു.ഡി.എഫിന് എതിരെ ജോസ് കെ മാണി രൂക്ഷ വിമർശനങ്ങൾ നടത്തുമ്പോൾ ഒരു കാര്യം മറക്കരുത്. അധികം താമസിയാതെ യു.ഡി.എഫിലേക്ക് മടങ്ങി വരേണ്ടി വരും.
കെ.എം മാണി സാറിനൊപ്പം അദ്ദേഹത്തിന്‍റെ മരണം വരെ ഒന്നിച്ച് പ്രവർത്തിച്ച പാരമ്പര്യമാണ് തനിക്കുള്ളത്. മാണിയുടെ വീട്ടിൽ നോട്ടെണ്ണൽ യന്ത്രം വരെ ഉണ്ടെന്ന് പറഞ്ഞവരാണ് ഇടതുപക്ഷം. ജോസ് കെ മാണി പോയതുകൊണ്ട് യു.ഡി.എഫിന് ഒരു ക്ഷീണവുമില്ല. മാണിസാറിനെ സ്നേഹിച്ചിരുന്നവർ ഇന്ന് ജോസ് കെ മാണിക്കൊപ്പമില്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ജില്ലയിൽ യു.ഡി.എഫ് മാന്യമായ പരിഗണന തരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലയിൽ 35 പഞ്ചായത്തുകളിലും മൂന്ന് നഗരസഭയിലും പാർട്ടി ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.