മലപ്പുറയ: തോട്ടപ്പള്ളി നിവാസികൾ കല്ല് നിറഞ്ഞ റോഡിലൂടെ നടക്കാൻ തുടങ്ങിയിട്ട് അഞ്ചര പതിറ്റാണ്ട്. ജില്ലയിൽ ചാലിയാർ പഞ്ചായത്തിലെ തോട്ടപ്പള്ളി നിവാസികളുടെ ഏക ആശ്രയമായ പാതയാണ് നവീകരണമില്ലാതെ കിടക്കുന്നത്. ഈ പാതയിലൂടെ വാഹനയാത്രയും ദുഷ്കരമാണ്. പാത നവീകരിക്കണം എന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളെ സമീപിച്ചിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസിയായ ആനത്തശ്ശേരി ജേക്കബ് പറയുന്നു.
നിലവിൽ വാളം തോട്ടിൽ നിന്നും തോട്ടപ്പള്ളിക്ക് രണ്ട് കിലോമീറ്റർ ദൂരം ടാർ ചെയ്ത റോഡുണ്ട്. എന്നാൽ ഈ റോഡിലും യാത്ര ദുർഘടമാണ്. ഇരുചക്രവാഹനങ്ങൾക്ക് പോലും സഞ്ചരിക്കാൻ പറ്റാത്ത റോഡിൽ ജീപ്പുകൾ മാത്രമാണ് ആശ്രയം. എന്നാൽ റോഡ് മോശമായതിനാൽ ഉയർന്ന ചാർജ് നൽകണം.
1962 ൽ തോട്ടപ്പള്ളിയിലും മേലെ തോട്ടപ്പള്ളിയിലുമായി 120ഓളം കർഷക കുടുംബങ്ങളും ആദിവാസി കോളനികളുമുണ്ടായിരുന്നു. എന്നാൽ യാത്രാസൗകര്യമില്ലാത്തതിനാല്‍ പല കുടുംബങ്ങളും മലയിറങ്ങി പോയി. ഇന്ന് 30 ഓളം കുടുംബങ്ങൾ മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്.