മലപ്പുറം: കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ ട്രാൻസ്ലേഷണൽ ലാബ് അനുവദിച്ചതായി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. നാക് ഗ്രേഡിങ്ങിൽ മികച്ച പോയിന്‍റോടെ എ പ്ലസ് നേടിയ കാലിക്കറ്റ് സർവകലാശാലയെ ഉന്നത വിദ്യാഭ്യാസ വകുപ്പ് അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി. സർവകലാശാലയിൽ നവീന കോഴ്‌സുകൾ തുടങ്ങുമെന്നും 50 അന്താരാഷ്‌ട്ര സൗകര്യമുള്ള റൂമുകളടക്കം 300 റൂമുകളുള്ള ഹോസ്റ്റലിന് അനുമതി നൽകിയതായും മന്ത്രി പറഞ്ഞു.
നാലാമത് നാക് ഗ്രേഡിങ് പൂർത്തിയാക്കിയ സംസ്ഥാനത്തെ ആദ്യ സർവകലാശാലയാണ് കാലിക്കറ്റ് സർവകലാശാലയെന്നും 3.45 ഗ്രഡ് പോയിന്‍റോടെ മികച്ച പ്രകടനം നടത്താൻ സർവകലാശാലക്ക് കഴിഞ്ഞതായും മന്ത്രി അഭിപ്രായപ്പെട്ടു. ഏറ്റവും കൂടുതൽ അഫിലിയേറ്റഡ് കോളജുകളും അധ്യാപകരും ഉള്ള ഉന്നത വിദ്യാഭ്യാസ പ്രസ്ഥാനമാണ് കാലിക്കറ്റ് സർവകലാശാല. ഏകദേശം നാല് ലക്ഷത്തോളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
ഇതേ ക്യാമ്പസിലെ മുൻ വിദ്യാർഥി എന്ന നിലക്കും ഭരണസമിതി അംഗമെന്ന നിലക്കും അതിൽ അഭിമാനം കൊള്ളുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. കലിക്കറ്റ് സർവകലാശാല കേന്ദ്രമാക്കി കേരള സ്പോർട്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുമെന്നും ഇതിനുള്ള കെട്ടിട നിർമാണത്തിനും അനുബന്ധ പ്രവൃത്തികൾക്കുമായി നാല് കോടി രൂപ അനുവദിച്ചതായും ഫിഷറീസ് കായിക വകുപ്പ് മന്ത്രി വി.അബ്‌ദുറഹിമാൻ ചടങ്ങിൽ അറിയിച്ചു. മികവിനെ അനുമോദിക്കാനായി ഉന്നത വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ കൗൺസിലും ചേർന്ന് ഏർപ്പെടുത്തിയ
പുരസ്‌കാരം ചടങ്ങിൽ വച്ച് പ്രൊ ചാൻസലർ കൂടിയായ മന്ത്രി ഡോ. ആർ.ബിന്ദു യുണിവേഴ്‌സിറ്റി വൈസ് ചാൻസലർ എം കെ ജയരാജന് കൈമാറി.
സംസ്ഥാന സർക്കാറിന്‍റെ ലഹരിവിരുദ്ധ പരിപാടിയുടെ ഭാഗമായി സർവകലാശാലയുടെ ലഹരിവിരുദ്ധ പ്രചാരണത്തിനും ചടങ്ങിൽ തുടക്കമായി. ലഹരിവിരുദ്ധ പ്രചാരണത്തിനായി റേഡിയോ സിയു തയ്യാറാക്കിയ തീം സോങ്ങ് ചടങ്ങിൽ മന്ത്രി പ്രകാശനം ചെയ്‌തു. എൻ.എസ്.എസ്. യൂണിറ്റുകൾ വഴിയാകും പദ്ധതി നടപ്പാക്കുക.
ചടങ്ങിൽ പങ്കെടുത്തവർ: സർവകലാശാലാ കാമ്പസിലെ സുവർണജൂബിലി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വി. അബ്‌ദു റഹിമാൻ അധ്യക്ഷനായി. പി.വി. അബ്‌ദു വഹാബ് എം.പി, എം.എൽ.എമാരായ പി. അബ്‌ദു ഹമീദ്, കെ.ടി. ജലീൽ, ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. രാജൻ വർഗീസ്, പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്, കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.എം.കെ. ജയരാജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രൊ വൈസ് ചാൻസലർ പ്രൊഫ.എം.നാസർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗങ്ങളായ എംഎം. നാരായണൻ, കെ.കെ. ഹനീഫ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി രജിസ്‌ട്രാർ ഡോ.സതീഷ് ഇ.കെ, ഡോ.അനിൽ വള്ളത്തോൾ, അഡ്വക്കറ്റ് പി.സി സശിധരൻ എന്നിവർ പങ്കെടുത്തു.
ചടങ്ങിലെ പ്രധാന കലാപരിപാടികൾ: വിദ്യാർഥികൾ, അധ്യാപകർ, ജീവനക്കാർ തുടങ്ങി കാമ്പസ് സമൂഹം അണി നിരന്ന സാംസ്‌കാരിക ഘോഷയാത്ര സംഘടിപ്പിച്ചു. കേരളത്തിന്‍റെ തനതു കലകൾ, സാംസ്‌കാരിക വൈവിധ്യം എന്നിവ പ്രതിപാദിക്കുന്ന വേഷങ്ങൾ യാത്രയ്‌ക്ക് മാറ്റ് കൂട്ടി. കലാമണ്ഡലത്തിന്‍റെ പഞ്ചവാദ്യസംഘം മുൻനിരയിലുണ്ടായിരുന്നു.
നാക് ഗ്രേഡിങ്ങിൽ കാലിക്കറ്റിന്‍റെ തനതു മികവായി ഉയർത്തിയ ഹരിത കാമ്പസ്, കായിക പദ്ധതിയായ ലാഡർ തുടങ്ങിയവ വിശദമാക്കുന്ന ഫ്‌ളോട്ടുകളും ലഹരിവിരുദ്ധ പ്രചാരണങ്ങളുമായി എൻ.എസ്.എസ്. വളണ്ടിയർമാരും അണിനിരന്നു. മികച്ച ഫ്‌ളോട്ടുകൾക്ക് യഥാക്രമം പതിനായിരം രൂപ, അയ്യായിരം രൂപ, മൂവായിരം രൂപ എന്നിങ്ങനെ ക്യാഷ് അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്. വൈകീട്ട് നടന്ന കലാപരിപാടികളിൽ സ്‌കൂൾ ഓഫ് ഡ്രാമ, ചെതലയം ഗോത്രവർഗ ഗവേഷണ പഠനകേന്ദ്രം, അഫിലിയേറ്റഡ് കോളജുകൾ, പഠനവകുപ്പുകൾ എന്നിവയിലെ വിദ്യാർഥികളും ജീവനക്കാരും പങ്കെടുത്തു.