മലപ്പുറം: രണ്ടു കിലോഗ്രാം കഞ്ചാവുമായി ഇടുക്കി സ്വദേശി വണ്ടൂർ പൊലീസിന്‍റെ പിടിയിൽ. വണ്ണാപുരം പുളിക്കത്തൊട്ടി സ്വദേശി മുറ്റത്തേരിൽ സുരേന്ദ്രനാണ് (55) ബൈക്കിൽ ഒളിപ്പിച്ച് കടത്തിയ കഞ്ചാവുമായി പിടിയിലായത്.
വണ്ടൂർ ടൗണിലും വാണിയമ്പലം റെയിൽവേ സ്‌റ്റേഷൻ പരിസരങ്ങൾ കേന്ദ്രീകരിച്ചും യുവാക്കൾക്കും വിദ്യാർഥികൾക്കുമിടയിൽ വൻ തോതിൽ കഞ്ചാവും മയക്കുമരുന്നുകളും വിൽപ്പനയ്‌ക്കെത്തിയതായി മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ വണ്ടൂർ പൊലീസും ജില്ലാ ആന്‍റി നാർക്കോട്ടിക് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വണ്ടൂർ സബ്‌സ്‌റ്റേഷൻ റോഡിൽ വച്ച് 1.900 കിലോഗ്രാം കഞ്ചാവുമായി സുരേന്ദ്രനെ പിടികൂടിയത്. ഇടുക്കിയിൽനിന്നും ബസ് മാർഗം ബാഗിലും മറ്റും രഹസ്യമായി ഒളിപ്പിച്ച് നാട്ടിലെത്തിക്കുന്ന കഞ്ചാവാണ് ഇടുക്കി ഗോൾഡ് എന്ന പേരിൽ യുവാക്കളെയും മറ്റും കേന്ദ്രീകരിച്ച് വിൽപന നടത്തുന്നത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ വണ്ടൂർ, വാണിയമ്പലം ഭാഗങ്ങളിലെ ലഹരി വിൽപ്പനക്കാരെ കുറിച്ച് വിവരം ലഭിച്ചതായും അവരെ നിരീക്ഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.
മലപ്പുറം ജില്ലാപൊലീസ് മേധാവി എസ്.സുജിത്ത് ദാസ്, പെരിന്തൽമണ്ണ ഡിവൈ.എസ്.പി കെ.എം ദേവസ്യ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ആന്‍റി നാർക്കോട്ടിക് സ്‌ക്വാഡിലെ സി.പി മുരളീധരൻ, എം. മനോജ് കുമാർ, പ്രശാന്ത് തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.