മലപ്പുറം: പുന്നക്കാട്ടെ കളി മൈതാനത്ത് തള്ളിയ പഞ്ചായത്ത് ഓഫീസ് മാലിന്യങ്ങൾ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ തിരിച്ചു തള്ളി ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ പ്രതിഷേധം. ഡിവൈഎഫ്ഐ കരുവാരക്കുണ്ട് മേഖല കമ്മറ്റിയാണ് മാലിന്യ ചാക്കുക്കൾ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ക്യാബിന് മുൻപിൽ തള്ളി പ്രതിഷേധിച്ചത്. രണ്ടാഴ്ച്ച മുൻപാണ് പഞ്ചായത്ത് ഓഫീസ് വളപ്പിൽ കുമിഞ്ഞ് കൂടിയ മാലിന്യം പുന്നക്കാട് ഗ്രൗണ്ടിനോട് ചേർന്ന പുറമ്പോക്ക് ഭൂമിയിൽ കുഴിച്ച് മൂടാൻ പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ ശ്രമം നടന്നത്. എന്നാൽ ഒരു കൂട്ടം നാട്ടുകാർ ഇത് തടയുകയും, കുഴിച്ച് മൂടാൻ എത്തിച്ച മാലിന്യം പ്രതിഷേധത്തെ തുടർന്ന് ഗ്രൗണ്ടിന് സമീപത്ത് തന്നെ തള്ളിയ നിലയിലുമായിരുന്നു. ഇത് ജനങ്ങൾക്ക് ഉപദ്രവമില്ലാത്ത രീതിയിൽ സംസ്കരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറിയെ സമീപിക്കുകയും ചൊവ്വാഴ്ച്ച വൈകിട്ട് ഏഴിനകം മാലിന്യം അവിടെ നിന്നും നീക്കാമെന്ന് ഉറപ്പും നൽകിയിരുന്നു. എന്നാൽ ഇത് പാലിക്കപ്പെടാതായതോടെയാണ് ഗ്രൗണ്ടിലെ മാലിന്യ ചാക്കുകൾ ഡി.വൈ.എഫ് ഐ പ്രവർത്തകർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ തള്ളിയത്. പ്രസിഡന്‍റിന്‍റെ ക്യാബിന് മുൻപിലാണ് ചാക്കുകൾ തള്ളിയിട്ടത്.
എന്നാൽ ഡിവൈഎഫ്ഐയുടെ ഈ നിലപാട് ധിക്കാരപരമാണന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് പി.ഷൗക്കത്തലി പ്രതികരിച്ചു. പഞ്ചായത്ത് വക പുറമ്പോക്ക് ഭൂമിയിൽ കുഴിച്ച് മുടാൻ ഒരുങ്ങുന്നതിനിടെയാണ് ഇത്തരം പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും ഓഫീസിന്‍റെ പ്രവർത്തനത്തെ തടസപ്പെടുത്തിയെന്ന് ഉന്നയിച്ച് പഞ്ചായത്ത് സെക്രട്ടറി കരുവാരക്കുണ്ട് പൊലീസിന് പരാതി നൽകി