മലപ്പുറം: സ്വന്തമായി വീടില്ലാത്ത പട്ടികജാതിക്കാരന് വീട് നിലവിലുണ്ട് എന്ന വ്യാജ സർട്ടിഫിക്കറ്റ് നൽകി ഭവന നിർമ്മാണത്തിനുള്ള പട്ടികജാതി വികസന വകുപ്പിന്‍റെ സഹായം മുടക്കിയ അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സി പി എം നേതാവുമായ അബ്ദുൽ അസീസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി തള്ളിയതിനെ തുടർന്നാണ് പ്രതിയെ പെരിന്തൽമണ്ണ ഡിവൈഎസ്പി അറസ്റ്റ് ചെയ്തത്. വലമ്പൂരിലെ വാകശ്ശേരി രാവുണ്ണി എന്ന ബാലനെതിരായാണ് ഈ വ്യാജരേഖയുണ്ടാക്കിയിരുന്നത്. നേരത്തെ ഗുണഭോക്താവ് ലിസ്‌റ്റിൽ 18-ാം നമ്പറുകാരനായി ഉൾപ്പെട്ടിരുന്ന രാവുണ്ണിക്ക് വീടിനുള്ള സഹായം ലഭിക്കാതിരിക്കുകയും രാവുണ്ണിക്ക് പുറകിലുള്ളവർക്ക് സഹായം ലഭിക്കുകയും ചെയ്തപ്പോൾ ഇതെങ്ങിനെ സംഭവിച്ചു എന്ന അന്വേഷണത്തിലാണ് അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിൽ നിന്ന് ഇത്തരമൊരു കത്ത് പെരിന്തൽമണ്ണ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ലഭിച്ചതായി അറിയുന്നത്. തുടർന്ന് രാവുണ്ണി വിവരാവകാശ പ്രകാരം നൽകിയ അപേക്ഷകൾക്ക് ലഭിച്ച മറുപടിയിൽ നിന്നാണ് അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിൽ നിന്ന് അത്തരമൊരു കത്ത് ബ്ലോക്ക് പട്ടികജാതി വികസന ആഫീസിലേക്ക് നൽകിയിട്ടില്ല എന്ന വിവരം പുറത്തറിയുന്നത്.
ഇതിന്‍റെ അടിസ്ഥാനത്തിൽ രാവുണ്ണി ജില്ലാ പൊലീസ് സൂപ്രണ്ട്, ജില്ലാ കലക്ടർ, ജില്ലാ പട്ടികജാതി വികസന ഓഫീസർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്നിവർക്ക് പരാതി നൽകുകയുണ്ടായി. പരാതി സംബന്ധിച്ച് സത്യാവസ്ഥ കണ്ടെത്തുന്നതിനു വേണ്ടി പൊലീസ് രണ്ടുവർഷം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിൽ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനായ വി പി അബ്ദുൽ അസീസിനെ പ്രതിചേർത്തു പൊലീസ് കേസെടുക്കുകയായിരുന്നു. പട്ടികജാതി വിഭാഗത്തിൽപെട്ട വ്യക്തിയായതിനാൽ കേവലം വ്യാജരേഖ ചമയ്ക്കൽ എന്നതിനപ്പുറത്തേക്ക് പട്ടികജാതി ജാതി -പട്ടിക വർഗ്ഗ വിഭാഗങ്ങളോട് ഉള്ള അതിക്രമവുമായി ബന്ധപ്പെട്ട വകുപ്പ് കൂടി ചേർത്തു കൊണ്ടാണ് പൊലീസ് കേസെടുത്തത്. പട്ടികജാതി കമ്മീഷൻ, മനുഷ്യാവകാശ കമീഷൻ തുടങ്ങിയവർക്കും രാവുണ്ണി പരാതി നൽകിയിരുന്നു. കേസിൽ പ്രതി ചേർക്കപ്പെട്ടതോടെ രാവുണ്ണിക്ക് വീട് നൽകുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുകയും അബ്ദുൽ അസീസിനെ കേസിൽനിന്ന് രക്ഷപ്പെടുത്തുവാനും രാവുണ്ണിയെ കൊണ്ട് പരാതി പിൻവലിപ്പിക്കാനുമുള്ള ശക്തമായ സമ്മർദ്ദവും ഭീഷണിയും ഉണ്ടായിരുന്നു. പക്ഷേ രാവുണ്ണി പരാതിയിൽ ഉറച്ചു നിന്നതോടെ മുൻകൂർ ജാമ്യം ലഭിക്കുന്നതിനുവേണ്ടി ഹൈക്കോടതിയെ സമീപിച്ച അബ്ദുൽ അസീസിന്‍റെ ജാമ്യഹർജി ഹൈകോടതി തള്ളുകയും ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് അസീസിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അറസ്റ്റ് ചെയ്ത അബ്ദുൽ അസീസിനെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായുള്ള മഞ്ചേരിയിലെ പ്രത്യേക കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സിപിഎമ്മിന്‍റെ സജീവ പ്രവർത്തകനായിരുന്ന രാവുണ്ണിയെ പരിഗണിക്കാതെ ഈ വാർഡിനു പുറത്തുള്ള മറ്റൊരാൾക്ക് പാർട്ടി സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചാണ് രാവുണ്ണി സിപിഎമ്മിനെതിരെ വെൽഫെയർ പാർട്ടിയുടെ പിന്തുണയോടെ പഞ്ചായത്തിലേക്ക് മത്സരിച്ചത് - ഇതിലുള്ള വിരോധം തീർക്കാനാണ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ അസീസ്, രാവുണ്ണിക്ക് അർഹതപ്പെട്ട ആനുകൂല്യം നഷ്ടപ്പെട്ടുത്തുന്നതിന് ഈ രീതിയിലുള്ള കടുംകൈ ചെയ്തത്.