മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് ദിവസത്തിനുള്ളിൽ 98 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. ഇന്നലെയും ഇന്നുമായി 2756 ഗ്രാം തങ്കമാണ് എയർ കസ്റ്റംസ് ഇന്‍റലിജൻസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി ദുബായിൽ നിന്നും സ്പൈസ്ജെറ്റ് വിമാനത്തിലെത്തിയ കാസർകോട് സ്വദേശി അബ്‌ദുൽ സമദ് എന്നയാളിൽ നിന്നും 538 ഗ്രാം സ്വർണ്ണ മിശ്രിതവും ഇതേ ദിവസം രാത്രി ദുബായിൽ നിന്നും എത്തിയ പാലക്കാട് സ്വദേശി ജാഫറിന്‍റെ പക്കൽ നിന്നും 995 ഗ്രാം സ്വർണ്ണ മിശിതവും പിടികൂടി.
ഇന്ന് രാവിലെ ആറ് മണിക്ക് ഷാർജയിൽ നിന്നും എത്തിയ രണ്ടു യാത്രക്കാരിൽ നിന്നും 750 ഗ്രാം സ്വർണ്ണ മിശ്രിതമാണ് പിടികൂടിയത്. രണ്ടു പേരും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണ മിശ്രിതം കൊണ്ടുവന്നത്. താമരശ്ശേരി സ്വദേശി അബ്‌ദുൽ അസീസിൽ നിന്നും 553 ഗ്രാമും പേരാമ്പ്ര സ്വദേശി റിയാസിൽ നിന്നും 197 ഗ്രാമുമാണ് പിടികൂടിയത്. കൂടാതെ ഇതേ വിമാനത്തിലെ ശുചിമുറിയിൽ ഒളിപ്പിച്ചു വെച്ച നിലയിൽ 473 ഗ്രാം സ്വർണ മിശ്രിതവും എയർ കസ്റ്റംസ് ഇന്‍റലിജൻസ് പിടികൂടി.