മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 2.95 കോടി രൂപയുടെ സ്വർണം പിടികൂടി. 4.8 കിലോഗ്രാം സ്വർണവും 2.95 കിലോഗ്രാം സ്വർണ മിശ്രിതവുമാണ് പിടികൂടിയത്.
ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലെ നാല് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. കോഴിക്കോട് ഡിആർഐ ഉദ്യോഗസ്ഥരും എയർ ഇൻ്റലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.
Also read: നരയാൻപൂർ ഏറ്റുമുട്ടൽ; രണ്ട് നക്‌സലുകളുടെ ശരീരം കണ്ടെടുത്തു
കണ്ണൂർ സ്വദേശി വിസി അഫ്‌താബ്, കോഴിക്കോട് പരക്കടാവ് സ്വദേശി അജ്‌മൽ കെ, കണ്ണൂർ കൂത്തുപറമ്പ് സ്വദേശി നിസാമുദ്ദീൻ, കോഴിക്കോട് മുക്കം സ്വദേശി മുജീബ് റഹ്‌മാൻ എന്നിവരാണ് പിടിയിലായത്.
പിടിയിലായ വിസി അഫ്‌താബിൽ നിന്ന് ഫാനിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 2099 ഗ്രാം സ്വർണമാണ് പിടികൂടിയത്. അജ്‌മൽ കെയിൽ നിന്ന് എമർജൻസി ലാമ്പിൽ കൊണ്ടുവന്ന 1983 ഗ്രാം സ്വർണവും നിസാമുദ്ദീനിൽ നിന്ന് 1139 ഗ്രാം സ്വർണവും മുജീബ് റഹ്‌മാനിൽ നിന്ന് 1071 ഗ്രാം സ്വർണവുമാണ് കസ്റ്റംസ് വിഭാഗം പിടികൂടിയത്.