മലപ്പുറം: ഫുട്ബോൾ പ്രേമികളുടെ പ്രിയതാരമാണ് ഇതിഹാസം ലയണല്‍ മെസി. ഫുട്ബോൾ കൊണ്ട് വിസ്മയം തീർക്കുന്ന മെസിയെ പോലെ ആരാധകരുടെ മനം കവർന്നിരിക്കുകയാണ് മലപ്പുറം മമ്പാട് സ്വദേശി മിഷാല്‍ അബു ലൈസ് എന്ന പന്ത്രണ്ടുകാരൻ. ഗോൾ പോസ്റ്റിന്‍റെ അറ്റത്ത് കെട്ടി തൂക്കിയ വളയത്തിലൂടെ ഗോൾ അടിച്ചാണ് സമൂഹ മാധ്യമങ്ങളില്‍ മിഷാല്‍ വൈറലായത്. ഗോൾ അടിച്ച ശേഷം പത്താം നമ്പർ ജേഴ്‌സികാരൻ മുട്ടുകുത്തി കൈകൾ ഉയർത്തി ആഹ്ളാദം പ്രകടിപ്പിച്ചു എഴുന്നേല്‍ക്കുന്നതാണ് വീഡിയോ. മട്ടും ഭാവവുമെല്ലാം ഫുട്‌ബോൾ ഇതിഹാസം ലയണല്‍ മെസിയുടേത് പോലെ.
മലപ്പുറത്തിനും മമ്പാടിനും വരും നാളുകളിൽ അഭിമാനിക്കാവുന്ന താരമായി മിഷാൽ മാറുമെന്ന കാര്യത്തിൽ സംശയമില്ല. സ്വന്തം മെസി നമ്മുടെ കേരളത്തിൽ നിന്നും എന്ന അടിക്കുറുപ്പോടെ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന വീഡിയോ പങ്കുവച്ചതോടെ കുഞ്ഞ് മെസി മിഷാല്‍ അബു ലൈസിന് ലോകം മുഴുവൻ ആരാധകരായി.
മമ്പാട് കാടുമുണ്ട ഗവൺമെന്‍റ് യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് മിഷാൽ. ലോക്ക് ഡൗൺ നാളുകളിൽ മിഷാലിന്‍റെ വീടിന്‍റെ സമീപത്തെ മൈതാനത്താണ് സൂപ്പർ ഗോൾ പിറന്നത്. ജേഷ്ഠ സഹോദരനും മമ്പാട് എം.ഇ എസ് കോളേജിലെ ബി.എ.വിദ്യാർഥിയുമായ വിജിദാണ് മിഷാലിന്‍റെ ഫുട്ബോൾ പ്രകടനം പകർത്തിയത്. ഉരുട്ടി വിട്ട രണ്ട് വളയങ്ങളിലൂടെ പന്ത് കടത്തിവിട്ടും, ബാക്ക് ഹീലിലൂടെ വളയത്തിലാക്കുന്നത് അടക്കമുള്ള വീഡിയോകളും ഇൻസ്റ്റഗ്രാമില്‍ തരംഗമാണ്.